വനിതാ ഐപിഎൽ: ടീമുകൾക്കായി ടെൻഡർ സമർപ്പിച്ചത് 17 കമ്പനികൾ, ഇതിൽ ഏഴ് ഐപിഎൽ ഫ്രാഞ്ചൈസികളും

TalkToday

Calicut

Last updated on Jan 25, 2023

Posted on Jan 25, 2023

വനിതാ ഐപിഎലിനായി രംഗത്തുള്ളത് ആകെ 17 കമ്പനികൾ. ഇതിൽ 7 എണ്ണം വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളാണ്. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ഐപിഎൽ ഫ്രാഞ്ചൈസികളാണ് വനിതാ ടീമുകൾക്കായി രംഗത്തുള്ളത്. ലക്നൗ സൂപ്പർ ജയൻ്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ഫ്രാഞ്ചൈസികൾ വനിതാ ടീമിൽ താത്പര്യം കാണിച്ചില്ല.

അദാനി ഗ്രൂപ്പ്, ടോറൻ്റ് ഫാർമ, ജെകെ സിമൻ്റ്, അപ്പോളോ ടയേഴ്സ് തുടങ്ങിയ കമ്പനികളും വനിതാ ടീമിനായി രംഗത്തുണ്ട്. ആകെ അഞ്ച് ടീമുകളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

ഈ വർഷം മാർച്ച് 4ന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് വിവരം. 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാവുക. ലീഗ് വിജയിക്കുന്ന ടീമിന് 6 കോടി രൂപയും ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 3 കോടി രൂപയും പ്രൈസ് മണി ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുക.

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18 സ്വന്തമാക്കിയിരുന്നു. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം.

Share on

Tags