ഭക്ഷ്യവിഷബാധയേറ്റുളള യുവതിയുടെ മരണം: ഭക്ഷണം കഴിച്ച പലരും ഇപ്പോഴും ആശുപത്രിയിൽ

TalkToday

Calicut

Last updated on Jan 4, 2023

Posted on Jan 4, 2023

കോട്ടയം: കോട്ടയത്തെ യുവതിയുടെ മരണത്തെത്തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രഖ്യാപിച്ച ഊർജ്ജിത പരിശോധന ഇന്നും തുടരും. ഇന്നലെ മാത്രം 43 ഹോട്ടലുകൾ പൂട്ടിച്ചിരുന്നു. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടക്കും. കൂടുതൽ സാംപിളുകൾ ശേഖരിക്കും. കർശന നടപടി തുടരാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിനെതിരെ കൂടുതൽ പരാതികൾ ഇപ്പോഴും വന്നു കൊണ്ടിരിക്കുകയാണ്. ഇരുപതോളം പേർക്കാണ് ഡിസംബർ 29ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല.

ഇമ്മാനുവലിൻ്റെ വാക്കുകൾ -

ഡിസംബർ 29-ന് വൈകുന്നേരം ആറ് മണിയോടെയാണ് സുഹൃത്തിനൊപ്പം ഞാൻ കോട്ടയം സംക്രാന്തിയിലെ കുഴിമന്തിക്കടിയിലേക്ക് പോയത്. ഒരു ക്വാർട്ടർ കുഴിമന്തിയും ഷവർമ്മയും ആണ് ഞങ്ങൾ ഓർഡർ ചെയ്തത്. കുഴിമന്തി ചിക്കനും റൈസും  ഞാൻ കഴിച്ചത്. അന്നത്തെ ദിവസം എനിക്ക് വലിയ പ്രശ്നമുണ്ടായില്ല. എന്നാൽ അടുത്ത ദിവസം ഞാൻ എണീച്ചത് തന്നെ കടുത്ത വയറുവേദനയും വയറിളക്കവും ആയിട്ടാണ്. പിന്നാലെ നല്ല വിറയലോടെ പനിയുണ്ടായി. ഞാൻ മരുന്ന് കഴിച്ചെങ്കിലും പനിയും വയറിളക്കവും കൂടിയും കുറഞ്ഞും ഇരുന്നു. ഒരു ദിവസം കൂടി വീട്ടിൽ വിശ്രമിച്ച ശേഷം ഞാൻ കോട്ടയം കിംസിൽ അഡ്മിറ്റായി. എന്നെ കൂടാതെ സംക്രാന്തിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പത്തോളം പേർ ഇതേ ആശുപത്രിയിൽ ഈ ദിവസങ്ങളിൽ അഡ്മിറ്റായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഞാനിപ്പോഴും ആശുപത്രിയിലാണ് പനി വിട്ടെങ്കിലും വയറിളക്കവും വയറുവേദനയും ഇപ്പോഴും ഉണ്ട്.


Share on

Tags