നാദാപുരം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഇയ്യങ്കോട് പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കർശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്.

പ്രേമലത പുന്നോള്ളതിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറിൽ അകപ്പെട്ട രണ്ട് കാട്ടുപന്നികളെ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ ഉത്തരവ് പ്രകാരം ലൈസൻസ് ഉള്ള ഷൂട്ടർ കായക്കൊടി കയനാടത്ത് അശോകൻ വെടിവച്ചുകൊന്നു.
ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങളായി രൂക്ഷമായ കാട്ടുപന്നി ശല്യം ഉണ്ടാവുകയും പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് കാട്ടുപന്നികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ ലഭിച്ച പരാതി പ്രകാരം സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ വാസു പുതിയപറമ്പത്തിന്റെ സാന്നിധ്യത്തിൽ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.
സംസ്ഥാന സർക്കാറിന്റെ വനം വന്യജീവി വകുപ്പിന്റെ മെയ് 28 ലെ 29/22 നമ്പർ ഉത്തരവ് പ്രകാരവും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവയുടെ മെയ് 31ലെ 3331/21 ഉത്തരം പ്രകാരവും പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. വെടിവെച്ച് കൊന്ന കാട്ടു പന്നികളെ മഹസ്സർ തയ്യാറാക്കി കുഴിച്ചുമൂടി. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് 22 ആം വാർഡിലും കാട്ടുപന്നി ശല്യം ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രണ്ട് കാട്ടു പന്നികളെ വെടിവെച്ച് കൊന്നിരുന്നു. വാർഡ് കൺവീനർ ഇ. പ്രവീൺകുമാർ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിനെ സഹായിച്ചു.