കോട്ടക്കല്‍: ജന്മം കൊണ്ട് തമിഴനാണെങ്കിലും അന്നം തരുന്ന നാടിനോട് നന്ദിയുണ്ടെന്ന് തെളിയിച്ച് പരശുരാമന്‍.
കോട്ടക്കലില്‍ കിണറിടിഞ്ഞ് കുടുങ്ങിയ അലി അക്ബറിനെയും അഹദിനേയും രക്ഷിക്കാന്‍ ആദ്യം കിണറ്റിലിറങ്ങിയത് പരശുവായിരുന്നു. അപകടസ്ഥലത്ത് ഓട്ടവുമായി എത്തിയതായിരുന്നു ഗുഡ്സ് ഡ്രൈവറായ ഇദ്ദേഹം.
ഇതിനിടയിലാണ് രണ്ടുപേര്‍ കിണറ്റിലകപ്പെട്ടുവെന്ന നിലവിളിയുമായി മറ്റു തൊഴിലാളികള്‍ എത്തുന്നത്. പിന്നെയൊന്നും ആലോചിച്ചില്ല. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി. ഈ സമയം അഹദ് പ്രാണരക്ഷാര്‍ഥം നിലവിളിക്കുകയായിരുന്നു. ചളി നീക്കിയും മണ്ണു മാറ്റിയും അഹദിനാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ നല്‍കി. ഏതു നിമിഷവും മണ്ണ് വീഴാവുന്ന കിണറ്റിലാണ് ജീവന്‍ പണയപ്പെടുത്തി പരശു രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടില്‍ പിതാവിനൊപ്പം ഇത്തരം തൊഴിലില്‍ ഏര്‍പ്പെട്ടതാണ് തുണയായത്. 37 വര്‍ഷമായി ചേങ്ങോട്ടൂരിലാണ് കുടുംബമായി താമസം. അവസരോചിത ഇടപെടല്‍ നടത്തിയ യുവാവിനെ ബുധനാഴ്ച ആദരിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.