നഗ്നനായി നടന്ന് ആളുകളെ ഭീതിയിലാക്കിയ വാട്ടര്‍ മീറ്റര്‍ കബീര്‍ മോഷണക്കേസില്‍ അറസ്റ്റില്‍

TalkToday

Calicut

Last updated on Feb 28, 2023

Posted on Feb 28, 2023

കോട്ടക്കല്‍: രാത്രികാലങ്ങളില്‍ നഗ്നനായി നടന്ന് ആളുകളെ ഭീതിയിലാക്കിയതിന് റിമാന്‍ഡിലായ ശേഷം ജയില്‍ മോചിതനായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ മറ്റൊരു മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍.

ഇന്നലെ പുലര്‍ച്ചെ മലപ്പുറം കോട്ടക്കലിന് സമീപം എടരിക്കോട് എം.എം. വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്ട്സ് എന്ന സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച്‌ പണവും മറ്റും കവര്‍ന്ന സംഭവത്തിലാണ് തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയായ മേലേത്ത് വീട്ടില്‍ അബ്ദുല്‍ കബീര്‍ (50) പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ കെ. അശ്വത്തിന്റെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി പിടിയിലായി. രാത്രികാലങ്ങളില്‍ ആളില്ലാത്തവീടുകളും കടകളും കുത്തി തുറന്ന് ഒരു പ്രദേശത്ത് പരമാവധി മോഷണം നടത്തുക എന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം കണ്ണൂരിലാണ് രാത്രികാലങ്ങളില്‍ നഗ്നനായി നടന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തി വീടുകള്‍ കുത്തിത്തുറന്ന് മോഷണ പരമ്ബര നടത്തിയത്. ഈ കേസില്‍ പിടിക്കപെട്ട് അടുത്തകാലത്താണ് ജയിലില്‍ നിന്നിറങ്ങിയത്.

മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി പതിനഞ്ചോളം മോഷണ കേസ് ഇയാള്‍ക്കെതിരെയുണ്ട്. മലപ്പുറം ഡിവൈ.എസ്.പി അബ്ദുള്‍ ബഷീറിന്റെ നിര്‍ദേശാനുസരണം കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ അശ്വത്, എസ്.ഐ എസ്.കെ. പ്രിയന്‍, പൊലീസ് സേനാംഗങ്ങളായ രജീഷ്, ദിനേഷ് ഇരുപ്പക്കണ്ടന്‍, ആര്‍. ഷഹേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share on

Tags