ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഗ്വാളിയോറിലുണ്ടായ അപകടത്തിന് കാരണം യുദ്ധവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചതാണോ എന്നത് സംബന്ധിച്ച അന്വേഷണം നടത്താന്‍ വ്യോമസേന. സുഖോയ് Su-30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണ് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്റെ പൈലറ്റാണ് വീരമൃത്യു വരിച്ചത്. സുഖോയ് വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇരുവരും ചികിത്സയിലാണ്. അപകടകാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ വിമാനത്താവളത്തില്‍നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനങ്ങള്‍ മൊറേന എന്ന സ്ഥലത്താണ് തകര്‍ന്നുവീണത്.
വളരെ ഉയര്‍ന്ന വേഗത്തില്‍ പറക്കുന്നതിനിടെ യുദ്ധവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചിട്ടുണ്ടാകാം എന്ന് പ്രതിരോധ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ പുറത്തുവരൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അപകടത്തിന്റെ വിവരങ്ങള്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി പ്രതിരോധനമന്ത്രി രാജ്‌നാഥ് സിങ്ങിനെ ധരിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ആരാഞ്ഞു. സ്ഥിതിഗതികള്‍ പ്രതിരോധമന്ത്രി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു.
അപകടത്തിന്റെ ഭീകരത വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.