കാഞ്ഞങ്ങാട്: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വ്യാജസ്വർണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി(40)യെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ രണ്ടുപേരെ ഇക്കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പോലീസിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷിനെ അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സൗത്തിലെ അനിൽകുമാർ (39), രാജപുരം കള്ളാർ സ്വദേശി ഷറഫുദ്ദീൻ (35) എന്നിവർ കഴിഞ്ഞവർഷം നവംബർ രണ്ട്, 11 തീയതികളിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സ്വർണം പണയംവെച്ചത്. 48.5 ഗ്രാം പണയപ്പെടുത്തി അനിൽകുമാർ 1.60 ലക്ഷം രൂപയും 40.8 ഗ്രാം പണയപ്പെടുത്തി ഷറഫുദ്ദീൻ 1.40 ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. ധനകാര്യ സ്ഥാപന അധികൃതർക്ക് സംശയം തോന്നി ഈ ആഭരണങ്ങൾ കൂടുതൽ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.
അനിൽകുമാറിനെയും ഷറഫുദ്ദീനെയും പോലീസ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോൾ സുധീഷാണ് ഇവ നൽകിയതെന്നറിഞ്ഞു. തുടർന്ന് ഹൊസ്ദുർഗ് ഗ്രേഡ് എസ്.ഐ. കെ.വേലായുധൻ, അസി. സബ് ഇൻസ്പെക്ടർ പി.എ.ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.പ്രസാദ് എന്നിവർ മലപ്പുറം ഇടയൂരിലെ വീട്ടിലെത്തി സുധീഷിനെ പിടികൂടുകയായിരുന്നു. സ്വർണം കൊടുത്തത് താനാണെന്ന് ഇയാൾ സമ്മതിച്ചെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. പണം തനിക്ക് കിട്ടിയിട്ടില്ലെന്ന് സുധീഷും കൊടുത്തുവെന്ന് അനിൽകുമാറും ഷറഫുദ്ദീനും പറയുന്നു.
ഒറ്റനോട്ടത്തിൽ സ്വർണമെന്ന് തോന്നുമെങ്കിലും മുറിച്ച് പരിശോധിച്ചപ്പോഴാണ് അകംനിറയെ ചെമ്പാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ മാലയും വളയുമുൾപ്പെടെയുള്ള ആഭരണങ്ങളാണ് പണയപ്പെടുത്തിയത്.
ഒട്ടേറെ ഇടനിലക്കാരുള്ള വലിയ റാക്കറ്റ് ഇതിനു പിന്നിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി ഇടക്കാല ജാമ്യത്തിൽ വിട്ടു.