തളിപ്പറമ്ബ്: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിയില്‍ പൊലീസ് റെയ്ഡ് നടത്തി.
തളിപ്പറമ്ബ് ചിറവക്ക് സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിലാണ് തളിപ്പറമ്ബ് ഇന്‍സ്പെക്ടര്‍ എ.വി. ദിനേഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പൂട്ടിയിട്ട സ്ഥാപനത്തില്‍ നിന്ന് ഒരു ലാപ്ടോപും ചില രേഖകളും കണ്ടെടുത്തു. ഇത് പൊലീസ് പരിശോധിച്ചുവരുകയാണ്.
തളിപ്പറമ്ബിലെ സ്റ്റാര്‍ ഹൈറ്റ് ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാര്‍ നൂറിലേറെ പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തട്ടിപ്പ് സംബന്ധിച്ച് പരാതികളുണ്ട്. ബുധനാഴ്ച തളിപ്പറമ്ബ് പൊലീസ് സ്റ്റേഷനില്‍ മാത്രം ആറ് പരാതികള്‍ ലഭിച്ചു.
പുളിമ്ബറമ്ബ് കരിക്കാപ്പാറയില്‍ അടുത്തകാലത്തായി താമസം തുടങ്ങിയ കണ്ണപ്പിലാവ് സ്വദേശികളായ പി.പി. കിഷോര്‍ കുമാര്‍, സഹോദരന്‍ കിരണ്‍ കുമാര്‍ എന്നിവരാണ് സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയത്. 2021 സെപ്റ്റംബറില്‍ തുടങ്ങിയ സ്ഥാപനം ബ്രിട്ടന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.
പണം നല്‍കിയവര്‍ വിസ ലഭിക്കാതായതോടെ അന്വേഷണം ആരംഭിച്ചതോടെ ഇരുവരും നാടുവിട്ടു. പണം നല്‍കിയ വയനാട് ബത്തേരി തൊടുവട്ടി സ്വദേശി മൂത്തേടത്ത് ടോമി (26) കഴിഞ്ഞദിവസമാണ് എറണാകുളത്ത് വെച്ച് ആത്മഹത്യ ചെയ്തത്. തളിപ്പറമ്ബ് സ്റ്റേഷനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ് ട്രാവല്‍സില്‍ പൊലീസ് റെയ്ഡ് നടത്തിയത്. എസ്.ഐ ദിനേശന്‍ കൊതേരിയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.