തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം ഓണത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാംം ഘട്ടം പ്രവര്‍ത്തന സജ്ജമാകുവാന്‍ 2960 മീറ്റര്‍ നീളമുള്ള പുലിമുട്ട്, 800 മീറ്റര്‍ ബര്‍ത്ത്, കടല്‍ നികത്തി രൂപീകരിക്കുന്ന 53 ഹെക്ടര്‍ കരഭൂമിലെ ബാക്കപ്പ് യാര്‍ഡ് സൗകര്യങ്ങള്‍, കണ്ടയ്നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രെയിനുകള്‍ മുതലായവ സജ്ജീകരിക്കണം.
2023 സെപ്റ്റംബറോടെ 400 മീറ്റര്‍ നീളത്തില്‍ ബെര്‍ത്തും 2300 മീറ്റര്‍ പുലിമുട്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഓണത്തോടനുബന്ധിച്ച് തുറമുഖം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദേശിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. തുറമുഖത്തെ തിരുവനന്തപുരം- കന്യാകുമാരി റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ നിര്‍മാണത്തിനായി കൊങ്കണ്‍ റെയില്‍വേ മുഖേന തയാറാക്കിയ പ്രോജക്‌ട് റിപ്പോര്‍ട്ടിന് (ഡി.പി.ആര്‍) 2022 മാര്‍ച്ചില്‍ ദക്ഷിണ റെയില്‍വേയുടെ അംഗീകാരം ലഭിച്ചു.
തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തദേശവാസികളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ ജീവനോപാധി നഷ്ടപരിഹാരത്തിനും മറ്റ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
തദേശീയരായ മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ അര്‍ഹരായ ചിപ്പി -ലോബ്സ്റ്റര്‍ വിഭാഗത്തിലെ കട്ടമരച്ചിപ്പി ത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ആളൊന്നിന് 12,50,000 രൂപയും കരച്ചിപ്പിത്തൊഴിലാളികള്‍ക്ക് 2,00,000 രൂപയും ചിപ്പിക്കച്ചവടക്കാര്‍ക്ക് 1,00,000 രൂപയും വീതം 262 പേര്‍ക്ക് 12.36 കോടി രൂപയും, കരമടിത്തൊഴിലാളികള്‍ക്ക് ആളൊന്നിന് 5,60,000 രൂപ വീതം 913 പേര്‍ക്ക് 54.24 കോടി രൂപയും വിതരണം ചെയ്തു.
നിര്‍മാണ കാലയളവില്‍ പദ്ധതി പ്രദേശം ചുറ്റി പോകേണ്ടതിനാല്‍ 1221 മത്സ്യത്തൊഴിലാളികള്‍ക്ക് 27.18 കോടി രൂപയുടെ മണ്ണെണ്ണ വിതരണം ചെയ്തു. റിസോര്‍ട്ട് തൊഴിലാളികളായ 211 പേര്‍ക്ക് 6.08 കോടി രൂപ വിതരണം ചെയ്തു. നാല് സ്വയം സഹായ സംഘങ്ങളിലെ 33 പേര്‍ക്ക് 0.08 കോടി രൂപ നല്‍കി. പദ്ധതി ബാധിത പ്രദേശങ്ങളില്‍ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപയും വിതരണം ചെയ്തു.
തുറമുഖ പദ്ധതിയോടനുബന്ധിച്ച് 7.3 കോടി രൂപ ചെലവില്‍ 3.3 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിച്ച് നല്‍കുന്ന പദ്ധതിയിലൂടെ പ്രദേശത്ത് ശുദ്ധജല വിതരണം നടത്തുന്നുണ്ട്. 1.74 കോടി രൂപ ചെലവില്‍ പദ്ധതി പ്രദേശത്ത് 1000 ല്‍പ്പരം ശുദ്ധജല വിതരണ കണക്ഷന്‍ സൗജന്യമായി നല്‍കി. ഖരമാലിന്യ നിര്‍മാര്‍ജനത്തിന് 1.05 കോടി രൂപ മതിപ്പ് ചെലവ് വരുന്ന പദ്ധതി തയാറാക്കി.
നിലവിലെ വിഴിഞ്ഞം സി.എച്ച്.സി.യെ 80 കിടക്കകളുള്ള താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയര്‍ത്തുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചു. മാലിന്യം നിറഞ്ഞ് സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട പദ്ധതി പ്രദേശത്തെ ഗംഗയാര്‍ തോടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഗംഗയാറിന്റെ സ്വാഭാവിക നീരൊഴുക്ക് നിലനിര്‍ത്തുന്നതിനായുള്ള സമഗ്ര പദ്ധതി 1.18 കോടി രൂപ ചെലവില്‍ നടപ്പിലാക്കി. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത്പകല്‍ വീട് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി ഫിഷറീസ് വകുപ്പ് തയാറാക്കി.
ഇതിനനുയോജ്യമായ സ്ഥലം വാങ്ങുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനുമായുള്ള നടപടികള്‍ സ്വീകരിച്ചു. കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പരിശീലന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. 2023 ഏപ്രിലേടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ തുറമുഖാനുബന്ധ കോഴ്സുകള്‍ ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ പ്രദേശവാസി കള്‍ക്ക് മുന്‍ഗണന നല്‍കി നടപ്പിലാക്കും. പദ്ധതി പ്രദേശത്തിനു സമീപം കായിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കളിസ്ഥലം നിര്‍മിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു. തദേശ വാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയില്‍ ഒരു സീഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനായുള്ള നടപടികളും തുടങ്ങി. കരാര്‍ കമ്ബനിയും മറ്റനവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി മറുപടി നല്‍കി.