ബംഗളൂരു: വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ശ്രമിച്ചതായി ബൊമ്മൈ പറഞ്ഞു.
ബഗല്‍കൊട്ടെയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചുവരും. കര്‍ണാടകയെ സേവിക്കാന്‍ ദൈവം എനിക്ക് അവസരം തന്നു. ഞാന്‍ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിച്ചത്.' -ബസവരാജ് ബൊമ്മൈ പറഞ്ഞു. ലിംഗായത്ത് സഭാസ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബസവേശ്വരയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം ബസവേശ്വര തെളിച്ച വഴിയിലൂടെയാണ് മുന്നോട്ട് പോവുന്നതെന്നും പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം പുരോഗതി കൈവരിച്ചുവെന്നും നിക്ഷേപം വര്‍ധിച്ചെന്നും ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. മെയിലാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 224 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.