കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസില്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപുള്ളി അറസ്റ്റില്‍.
തോപ്പയില്‍ സ്വദേശി സി.വി. സക്കറിയയെയാണ് നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയത്.
നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ 2001ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് കസ്റ്റംസ് റോഡില്‍ ഒമാന്‍ ട്രാവല്‍സ് എന്ന സ്ഥാപനം തുടങ്ങി വിദേശത്ത് ഉയര്‍ന്ന ശമ്ബളനിരക്കില്‍ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കൊയിലാണ്ടി മൂടാടി സ്വദേശിനിയായ ശ്രീജയില്‍ നിന്ന് 75,000 രൂപ വാങ്ങി വിസ നല്‍കാതെ വഞ്ചിച്ചെന്നാണ് കേസ്.
കേസിനുപിന്നാലെ ഒളിവില്‍പോയ പ്രതിയെ അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, പിന്നീട് കേസിന് ഹാജരാകാതെ ഇയാള്‍ മുങ്ങി. വിവിധയിടങ്ങളിലായി താമസിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി. ഹരീഷ് കുമാര്‍, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട് ജെ.എഫ്.സി.എം നാലു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജില്ല ജയിലിലേക്ക് മാറ്റി.