വേനല്‍ചൂട് നേരിടാന്‍ തണ്ണീര്‍‍പന്തലുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

TalkToday

Calicut

Last updated on Mar 11, 2023

Posted on Mar 11, 2023

തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം 'തണ്ണീര്‍ പന്തലുകള്‍' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ വകുപ്പ് മേധാവികളെയും ജില്ല കലക്ടര്‍മാരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തണ്ണീര്‍പ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, ഓ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കണം. ഇതിനായി പൊതുകെട്ടിടങ്ങള്‍, സുമനസ്കര്‍ നല്‍കുന്ന കെട്ടിടങ്ങള്‍ എന്നിവ ഉപയോഗിക്കാം. ഇത്തരം തണ്ണീര്‍ പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോര്‍പ്പറേഷന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. ഈ പ്രവൃത്തി അടുത്ത 15 ദിവസത്തിനുള്ളില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പദ്ധതി നടപ്പാക്കുന്നതിനായി വ്യാപാരികളുടെ സഹകരണം ഉറപ്പാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട് അല്ലെങ്കില്‍ തനതു ഫണ്ട് വിനിയോഗിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്ബയിന്‍ നടത്തും. തീപിടിത്തങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്നിരക്ഷാസേന പൂര്‍ണ സജ്ജമായിരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അഗ്നിരക്ഷ സേനക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങുവാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പത്ത് കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share on

Tags