മണ്ഡലത്തിലെ സമഗ്ര നെൽകൃഷി വികസനവുമായി ബന്ധപ്പെട്ട് തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ,കൃഷി വിഭാഗം ഉദ്യോഗസ്ഥർ, ഇറിഗേഷൻ, സോയിൽ കൺസർവേഷൻ വിഭാഗം ഉദ്യോഗസ്ഥർ,അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ,കെ.എൽ.ഡി.സി.,പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ , പാട ശേഖരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കുറ്റ്യാടി, വേളം, ആയഞ്ചേരി തിരുവള്ളൂർ, പുറമേരി , മണിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നെൽകൃഷി വികസനം ലക്ഷ്യം വെച്ചുകൊണ്ട് പദ്ധതി തയ്യാറാക്കുന്നതിനായി കൃഷി വകുപ്പ്,മൈനർ ഇറിഗേഷൻ, കുറ്റ്യാടി ഇറിഗേഷൻ, സോയിൽ കൺസർവേഷൻ, എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സന്ദർശനം ഈ മാസം 20 ,21 തീയതികളിൽ ഉണ്ടാകും. പദ്ധതി തയ്യാറാക്കുന്നതിനായി , വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം കൂടി ലക്ഷ്യമിട്ടാണ് ഈ സന്ദർശനം വിഭാവനം ചെയ്തിട്ടുള്ളത്. തുടർന്ന് രണ്ടാഴ്ചയ്ക്കകം പ്രോജക്ട് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കും.
മണിയൂർ വേങ്ങാടിക്കലിൽ മോട്ടോർ കേടായത് കാരണം കൃഷിക്കാർ നേരിടുന്ന ദുരിതവും യോഗത്തിൽ ചർച്ച ചെയ്തു. അടിയന്തരമായി പ്രശ്നം പരിഹരിക്കുന്നതിന് പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തകരാറിലായ കനാലുകൾ, വിവിധ സ്ട്രക്ച്ചറുകൾ തുടങ്ങിയവ പരിശോധിച്ച് പുനരുദ്ധരിക്കുന്നതിനുള്ള ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ തീരുമാനമെടുത്തു.

തരിശായി കിടക്കുന്ന സ്ഥലങ്ങൾ നെൽകൃഷിക്ക് ഉപയോഗയോഗ്യമാക്കുന്നതിനെ കുറിച്ചും , നെൽ വയലുകളിൽ യഥാസമയം വെള്ളം ക്രമീകരിക്കുന്നതിനെക്കുറിച്ചും , ഉപ്പുവെള്ളം കയറുന്നതിനെ സംബന്ധിച്ചും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ച് നിശ്ചയിച്ച സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.