ഊരാളുങ്കൽ സൊസൈറ്റി മൂന്നാം വർഷവും ലോകത്തു രണ്ടാമത്

Jotsna Rajan

Calicut

Last updated on Dec 3, 2022

Posted on Dec 3, 2022

ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോള റാങ്കിങ്ങിൽ ഹാറ്റ്ട്രിക്! തുടർച്ചയായ മൂന്നാം വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ലോകത്തു രണ്ടാം സ്ഥാനത്ത്. വ്യവസായ – ആവശ്യ സേവന മേഖലയിൽ ലോകത്ത് ഏറ്റവും ഉയർന്ന വിറ്റുവരവിനാണ് അംഗീകാരം. ഒന്നാം സ്ഥാനം സ്പെയിനിലെ കോർപ്പറേഷൻ മോൺട്രാഗോൺ എന്ന തൊഴിലാളി സംഘത്തിനാണ്. മൂന്നുമുതൽ ആദ്യ 10 സ്ഥാനങ്ങൾ ഇറ്റലി, ജപ്പാൻ, അമേരിക്ക, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കാണ്.

ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും (Euricse) ചേർന്നു വർഷം‌തോറും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടായ വേൾഡ് കോപ്പറേറ്റീവ് മോനിട്ടറാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020-ലെ റാങ്കിങ്ങുകളാണ് അവരുടെ കഴിഞ്ഞദിവസം പുറത്തിറക്കിയ 2022-ലെ റിപ്പോർട്ടിൽ ഉള്ളത്.

വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അംഗത്വം നല്കി ആദരിച്ചിരുന്നു. ആ ആഗോളസമിതിയിൽ അംഗത്വം ലഭിച്ചിട്ടുള്ള ഏക പ്രാഥമികസഹകരണംസംഘമാണ് യുഎൽസിസിഎസ്. മാതൃകാസഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.

നിർമ്മാണമേഖലയ്ക്കു പുറമെ, ടൂറിസം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാർഷിക-ക്ഷീരോത്പാദനവും സംസ്ക്കരണവും, പാർപ്പിടം തുടങ്ങിയ മേഖലകളിലേക്കു വൈവിദ്ധ്യവത്ക്കരിച്ചിട്ടുള്ള സൊസൈറ്റിയുടെ പല സംരംഭവും ലോകനിലവാരത്തിൽ ഉള്ളതാണ്. കോഴിക്കോട്ടെ യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ്, തിരുവനന്തപുരത്തും വടകരയിലുമുള്ള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, കൊല്ലം ചവറയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാഷ്ടസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ തുടങ്ങിയവ സൊസൈറ്റിയുടെ മികവിൻ്റെ സാക്ഷ്യങ്ങളാണ്.

ജനങ്ങൾക്കു തൊഴിലും മെച്ചപ്പെട്ട ഉപജീവനവും ഉറപ്പാക്കുക എന്ന അടിസ്ഥാനദൗത്യം നിർവ്വഹിച്ചുവരുന്ന ഈ സൊസൈറ്റി നിർമ്മാണമേഖലയിൽ 13,000 തൊഴിലാളികൾക്കും ആയിരം എൻജിനീയർമാർക്കും ആയിരം സാങ്കേതികവിദഗ്ദ്ധർക്കും ഐറ്റി മേഖലയിൽ 2000 പ്രൊഫഷണലുകൾക്കും കരകൗശലമേഖലയിൽ ആയിരത്തിൽപ്പരം പേർക്കും സ്ഥിരമായി തൊഴിൽ നല്കുന്നു. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയായി സൊസൈറ്റി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കേരളീയനവോത്ഥാന നായകരിൽ പ്രമുഖനായ വാഗ്ഭടാനദഗുരുവിന്റെ മുൻകൈയിൽ 1925-ൽ 14 അംഗങ്ങൾ ചേർന്ന് ആറണ(37 പൈസ)യുടെ പ്രാരംഭമുതൽമുടക്കിൽ ആരംഭിച്ച ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ ആണ് ഇന്ന് ഇൻഡ്യൻ സഹകരണമേഖലയുടെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.


Share on

Tags