ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ വളര്‍ച്ച സൂചിപ്പിച്ച് ദേശീയ ഉന്നതവിദ്യാഭ്യാസ സര്‍വേ (All India Survey on Higher Education - AISHE). 2020-21 വര്‍ഷത്തില്‍ 4.14 കോടി പേരാണ് ഉന്നതവിദ്യാഭ്യാസ പ്രവേശനം നേടിയത്. 2019-20 വര്‍ഷത്തില്‍ ഇത് 3.85 കോടിയായിരുന്നു. പ്രവേശനം നേടിയ പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2019-20 വര്‍ഷത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം 1.88 കോടിയായിരുന്നെങ്കില്‍ ഇത്തവണ 2.01 കോടിയാണ്. 2020-21 വര്‍ഷത്തില്‍ 95.4 ലക്ഷം പേര്‍ പാസ് ഔട്ടായി. 2019-20 ല്‍ ഇത് 94 ലക്ഷമായിരുന്നു
ഏറ്റവുമധികം കോളേജുകളുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 8,114 കോളേജുകളാണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്. ഓരോ ഒരു ലക്ഷം ജനസംഖ്യയ്ക്കും 32 കോളേജുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ ആറില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ ദേശീയസര്‍വേ റിപ്പോര്‍ട്ടില്‍ മികച്ചശരാശരിയുള്ള ആദ്യ ആറുസംസ്ഥാനങ്ങളില്‍ കേരളമുണ്ടായിരുന്നെങ്കിലും ഇക്കുറിയില്ല. എന്നാല്‍ ആദ്യ പത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതം (ജി.ഇ.ആര്‍.) മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചുശതമാനം കൂടി(18 മുതല്‍ 23 വയസ്സുവരെ). 2019-2020 സര്‍വേ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ അനുപാതം 38.8 ശതമാനമായിരുന്നു. ഇപ്പോഴത് 43.2 ആയി. ദേശീയ ശരാശരി 27.1-ല്‍ നിന്ന് 27.3 ആയി.
റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകമാനം 79.06 ശതമാനം വിദ്യാര്‍ഥികള്‍ യു.ജി കോഴ്‌സുകള്‍ക്കും 11.5 ശതംമാനം പേര്‍ പി.ജി കോഴ്‌സുകള്‍ക്കും പ്രവേശനം നേടി. ആര്‍ട്‌സ് വിഷയങ്ങളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (33.5%).സയന്‍സ് 15.5 ശതമാനം, കൊമേഴ്‌സ് 13.9ശതമാനം, എന്‍ജിനീയറിങ് & ടെക്‌നോളജി 11.9 എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പ്രവേശനാനുപാതം.
മിക്ക കോളേജുകളിലും അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍ മാത്രമാണുള്ളതെന്നും സര്‍വേ സൂചിപ്പിക്കുന്നു. 55.2 ശതമാനം കോളേജുകളിലാണ് പി.ജി കോഴ്‌സുകള്‍ ഉള്ളത്. പിഎച്ചഡി, ഗവേഷണസ്ഥാപനങ്ങള്‍ വെറും 2.9 ശതമാനമാണ്. 3000-നുമേല്‍ വിദ്യാര്‍ഥികളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാല് ശതമാനമാണ്. ആകെയുള്ള 41,600 കോളേജുകളില്‍ 8,903 (21.4%) സര്‍ക്കാര്‍, 5658 എയ്ഡഡ് , 27039 അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണ്
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ വിദ്യാര്‍ഥി പ്രവേശനാനുപാതം പത്തുവര്‍ഷത്തിനകം 75 ശതമാനമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം.ശ്യാം ബി. മേനോന്‍ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണസമിതി ഇതേക്കുറിച്ച് സംസ്ഥാനസര്‍ക്കാരിന് ശുപാര്‍ശനല്‍കിയിരുന്നു.