യുഎഇ ദേശീയദിനം: അബുദാബിയില്‍ വാഹനങ്ങള്‍ക്ക് നവംബര്‍ 30 മുതല്‍ ഡിസംബര്‍ നാലുവരെ നിയന്ത്രണം

Last updated on Nov 28, 2022

Posted on Nov 28, 2022

അബുദാബി: യുഎഇ ദേശീയ ദിനാചരണത്തോടനുബന്ധിച്ച്‌ അബുദാബിയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. അബുദാബിയില്‍ ട്രക്കുകളുള്‍പ്പടെ ഭാരം കയറ്റിയ വാഹനങ്ങള്‍, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ എന്നീ വാഹനങ്ങള്‍ക്കാണ് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

ട്രാഫിക് പെട്രോള്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹമിരിയാണ് വിവരം അറിയിച്ചത്.

ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. അബുദാബിയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ്. നവംബര്‍ മുപ്പത് ഉച്ചക്ക് 12 മുതല്‍ ഡിസംബര്‍ നാല് അര്‍ദ്ധരാത്രി ഒരുമണി വരെയാണ് വാഹനങ്ങള്‍ക്കുള്ള നിരോധനം നടപ്പാക്കുക. സുപ്രധാന റോഡുകളായ ഷെയ്ഖ് സെയ്ദ് ബ്രിഡ്ജ്, ഷെയ്ഖ് ഖലീഫ ബ്രിഡ്ജ്, മുസഫ ബ്രിഡ്ജ്, അല്‍ മക്താ ബ്രിഡ്ജ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.

പൊതുഇടങ്ങള്‍ ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ മാത്രമാണ് നിയന്ത്രണ നടപടിയില്‍ നിന്നും ഒഴിവാക്കുക. എല്ലാ റോഡുകളിലും ട്രാഫിക് പെട്രോള്‍ ഏര്‍പ്പെടുത്തുന്നതുള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുക. വാഹനങ്ങളുടെ തിരക്ക് സ്മാര്‍ട്ട് സംവിധാനം വഴി വിപുലമായ നിരീക്ഷണത്തിന് വിധേമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് ദുബി അല്‍ ഹമിരി വിശദമാക്കി.


Share on

Tags