കോഴിക്കോട്: മാഹിയില്‍ നിന്ന് ഓട്ടോയില്‍ കടത്തുകയായിരുന്ന മദ്യവുമായി രണ്ടുപേര്‍ പിടിയില്‍. വളയം കല്ലുനിര സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ പുഞ്ചയില്‍ വീട്ടില്‍ സുധീഷ് (38), തയ്യുള്ള പറമ്പത്ത് വിപിന്‍ (26) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ എന്‍ജിനുള്ളില്‍ ടയറുകള്‍ക്ക് മുകളിലായി പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. 500 മില്ലിയുടെ 20 കുപ്പി മദ്യമാണ് ഓട്ടോയില്‍ നിന്നും കണ്ടെടുത്തത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. കല്ലുനിര മേഖലയില്‍ വില്‍പനക്കായി കൊണ്ടുവരുന്നതാണ് മദ്യമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
മാഹി, പള്ളൂര്‍ എന്നിവിടങ്ങളില്‍നിന്ന് കടത്തിക്കൊണ്ടു വന്ന് മദ്യവില്‍പന നടത്തുന്ന സംഘം മേഖലയില്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു. പ്രിവന്റിവ് ഓഫിസര്‍ സി.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വി.സി. വിജയന്‍, വി.എം. അസ്‍ലം, ശ്രീജേഷ്, കെ. ഷിരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.