മംഗലാപുരം: ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കള്‍ക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച് കര്‍ണാടക കോടതി.
അഞ്ചു മലയാളി യുവാക്കള്‍ക്കാണ് ഉടുപ്പി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
ബുധനാഴ്ച മംഗലാപുരത്തുനിന്ന് മഡ്ഗാവിലേക്ക് മത്സ്യഗന്ധ എക്‌സ്പ്രസിലാണ് ഇവര്‍ യാത്ര ചെയ്തത്. ടിക്കറ്റ് ഇല്ലാതെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് കയറിയത്.

ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചപ്പോള്‍ ഇവര്‍ തട്ടിക്കയറുകയും മോശമായി സംസാരിക്കുകയുമായിരുന്നുവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. ടിടിഇ ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോഴും യുവാക്കള്‍ മോശമായാണ് പ്രതികരിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ കോടതിയില്‍ ഹാജരാക്കി.
അഞ്ചു പേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവിനും ആയിരം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്. ട്രെയിനില്‍ ബഹളമുണ്ടാക്കിയതിന് നൂറു രൂപ വീതം പിഴ വേറെ അടയ്ക്കണം.