മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

TalkToday

Calicut

Last updated on Dec 27, 2022

Posted on Dec 27, 2022

മാനന്തവാടി: മലയോര ഹൈവേയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

രണ്ട് മാസത്തേക്ക് നിലനില്‍ക്കുന്ന തരത്തിലുള്ള നിയന്ത്രണമേര്‍പ്പെടുത്താനാണ് നഗരസഭയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച്‌ ചേര്‍ത്തിരുന്നു.

ഓവുചാലുകള്‍ നിര്‍മിക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എരുമത്തെരുവില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള റോഡിന്‍റെ ഇടതുവശത്ത് ഓവുചാലിന്‍റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ചുരുക്കം ചില സ്ഥലങ്ങളില്‍ ഓവുചാലിനായി കുഴിയെടുക്കാനുണ്ട്. റോഡിന്‍റെ വലത് വശത്തുള്ള ഓവുചാലിന്‍റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല.

റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മിക്കസമയങ്ങളിലും ഗാന്ധിപാര്‍ക്ക് മുതല്‍ എരുമത്തെരുവ് വരെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് യോഗം ചേര്‍ന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ എം. ജെ. അഗസ്റ്റിന്‍, ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍ എന്നിവരും കെ.എസ്.ആര്‍.ടി.സി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

ഗതാഗത നിയന്ത്രണം ഇങ്ങനെ

എരുമത്തെരുവ് ഭാഗത്ത് നിന്ന് മാനന്തവാടി ടൗണിലേക്ക് വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എരുമത്തെരുവിലെ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറ്റപ്പാലം ബൈപ്പാസ് വഴി ടൗണിലേക്ക് പ്രവേശിക്കണം.

ചെറ്റപ്പാലത്ത് നിന്ന് ബൈപ്പാസ് വഴി എരുമത്തെരുവിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. മാനന്തവാടി ടൗണില്‍ നിന്ന് എരുമത്തെരുവ് ഭാഗത്തേക്ക് വണ്‍വേയായി വാഹനങ്ങള്‍ കടത്തി വിടും.

എരുമത്തെരുവ് ഭാഗത്ത് നിന്ന് വരുന്ന ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ - ചൂട്ടക്കടവ് റോഡ് വഴി ടൗണിലേക്ക് പ്രവേശിക്കാം.


Share on

Tags