ഇന്നുമുണ്ട് കൈകളിൽ അന്നത്തെ മൈലാഞ്ചി; ഒപ്പന ആദ്യമായി പൊതുവേദിയിൽ അവതരിപ്പിച്ച ഓർമകൾ

TalkToday

Calicut

Last updated on Jan 3, 2023

Posted on Jan 3, 2023

കോഴിക്കോട്∙ എം. നൂർജഹാനും സഹോദരി എം. ഷെംഷാർ മഹറും കൈമുട്ടി ഒപ്പനപ്പാട്ടു പാടുകയാണ്‘‘ മനസ്സിന്റെ മലർവാടി മഴവില്ലിൻ നിറംചൂടി മൈലാഞ്ചി മരച്ചോട്ടിൽ കളിയാടി ’’ പ്രായത്തെത്തോൽപ്പിക്കുന് ഊർജം. മലബാറിലെ കല്യാണ വീടുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന ഒപ്പന 6 പതിറ്റാണ്ടു മുൻ‌പ് ആദ്യമായി  പൊതുവേദിയിൽ അവതരിപ്പിച്ചപ്പോൾ പാടിയ പാട്ടാണിത്. അന്ന് ഒപ്പന കളിച്ചവരിൽ രണ്ടുപേരാണു നൂർജഹാനും ഷെംഷാർ മഹറും. അന്നത്തെ ഒപ്പനപ്പാട്ടിന് ഈണമിട്ടത് സംഗീത സംവിധായകൻ എം.എസ്.  ബാബുരാജ്. ‘‘ അക്കാലത്തു വേദിയിൽ ഒപ്പന കളിക്കുന്നതിനു വലിയ വിമർശനമായിരുന്നു.

പക്ഷേ, ഞങ്ങളുടെ ഉപ്പയും ഉമ്മയുമൊക്കെ പിന്തുണ നൽകി. കല്യാണ വീട്ടിൽ ഒപ്പന കളിക്കാമെങ്കിൽ കലോത്സവ വേദിയിലും ഒപ്പന കളിച്ചുകൂടേ എന്നതായിരുന്നു അന്നു ഞങ്ങളുയർത്തിയ ചോദ്യം’’ നൂർജഹാൻ പറഞ്ഞു.മതപരമായ നിയന്ത്രണങ്ങൾ ഏറെയുണ്ടായിരുന്ന കാലം. കോഴിക്കോട്ടെ പരപ്പിൽ ബാലജനസഖ്യമാണ് അതിനു മുൻകയ്യെടുത്തത്. 1964 ജൂൺ 24ന് എറണാകുളം ടിഡിഎം ഹാളിൽ അഖില കേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന കലോത്സവത്തിലായിരുന്നു ഒപ്പനയുടെ ആദ്യ പൊതു വേദി.പിന്നീടു ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ് ഒപ്പന സ്കൂൾ കലോത്സവത്തിൽ മത്സര ഇനമായത്.

തെക്കേപ്പുറത്തെ പെൺകുട്ടികളുടെ വിദ്യാലയമായ കാലിക്കറ്റ് ഗേൾസ് എച്ച്എസ്എസിലെവിദ്യാർഥിനികളാണ് 1964ൽ ഒപ്പന അവതരിപ്പിച്ചത്.  വലിയകത്ത് നബീസ, എം. സുബൈദ, എം. നൂർജഹാൻ, എം. ഷെംഷാർ മഹർ, എം. റഷീദ, വലിയകത്ത് ഇച്ചാത്തു, കുഞ്ഞാമിന, കാമാക്കന്റകത്ത് സുഹ്റാബി, ഒ. അയിശാബി, ഒജ്ജിന്റകത്ത് ബിച്ചു എന്നിവരടങ്ങിയ സംഘം. ‘റിസർവേഷനില്ലാത്ത ട്രെയിനിൽ നിലത്തിരുന്നായിരുന്നു യാത്ര.അതൊരു നോമ്പുകാലമായിരുന്നു.’’ ചിരിയോടെ ഷെംഷാറും നൂർജഹാനും പറഞ്ഞു.നൂർജഹാനും ഭർത്താവ് ഹാജിയാരകം ഹുസൈനും അരീക്കാട്ടാണിപ്പോൾ താമസം.ഷെംഷാർ മെഹറും ഭർത്താവ് സലീംഖാനും മണ്ണൂർവളവ് പ്രബോധിനി വായനശാലയ്ക്കു സമീപവും.Share on

Tags