തീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

Jotsna Rajan

Calicut

Last updated on Feb 1, 2023

Posted on Feb 1, 2023

തിരുവനന്തപുരം: കേരളത്തില്‍  അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന്   കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുന മർദ്ദം ( Depression) സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യുന മർദ്ദം  ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഫലമായാണ് മഴ പെയ്യുക.

അതേസമയം, കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഫെബ്രുവരി രണ്ട് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

അതോടൊപ്പം കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ അടിയന്തര നിർദ്ദേശവും നൽകിയിട്ടുണ്ട്.  തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിൻറെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ ഇന്നലയോടെ കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചിരുന്നത്. മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Share on

Tags