എറിഞ്ഞുവീഴ്ത്തി ഇന്ത്യ, തകർന്ന് കിവിപ്പട

TalkToday

Calicut

Last updated on Jan 21, 2023

Posted on Jan 21, 2023

ഛത്തീസ്ഗഡിലെ റായ്‌പൂരിലെ ശഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ പന്തുകൾക്കു മുന്നിൽ വിറച്ച് കിവിപ്പട. ഇന്ത്യയുടെ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് ഷമിയും ഹർദിക് പാണ്ട്യയും മുഹമ്മദ് സിറാജും തിളങ്ങിയ ഇന്നിങ്സിൽ തകർന്നത് ന്യൂസിലൻഡിന്റെ ഓപ്പണിങ് നിര. ഷമി മൂന്ന് വിക്കറ്റ് നേടിയപ്പോൾ സിറാജും ഹർദിക് പാണ്ട്യയും ശാർദൂൽ താക്കൂറും ഓരോ വിക്കറ്റുകൾ നേടി.

ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ (0) പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലാൻഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് (1) പുറത്താകുമ്പോൾ ന്യൂസിലാൻഡ് നേടിയത് 8 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ മിച്ചലിനെയും (2) ഒൻപതാം ഓവറിൽ കോൺവെയെയും (7) നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലതമിനെ (1) പത്താം ഓവറിൽ ശാർദൂൽ താക്കൂർ പുറത്താക്കി.

ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മാത്രമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തർപ്പൻ സെഞ്ച്വറി നേടിയ ബ്രേസ്‌വെൽ 30 പന്തുകളിൽ നിന്ന് 22 റണ്ണുകൾ നേടി ഷമിക്ക് മുൻപിൽ വീഴുകയായിരുന്നു. മിച്ചൽ സാന്റ്നറുമായി ചേർന്ന് ഗ്ലെൻ ഫിലിപ്സ് നടത്തുന്ന പോരാട്ടമാണ് കൂറ്റൻ തകർച്ചയിൽ നിന്ന് കിവികളെ അൽപ്പമെങ്കിലും രക്ഷപെടുത്തുക. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളേതും കൂടാതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.


Share on

Tags