കാസര്‍കോട്: കരാറുകാരന്‍ ചെര്‍ക്കള ബേര്‍ക്കയിലെ പെര്‍ളം അശ്റഫിനെ (38) കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷന്‍ സംഘം വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്ന് പേരെ വിദ്യാനഗര്‍ സി.ഐ പി .പ്രമോദും സംഘവും ചെര്‍ക്കളയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുനത്തില്‍ അശ്റഫ് (45), അന്‍വര്‍ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 11നായിരുന്നു സംഭവം.മൂവരും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.
ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെ കൂടി പിടികിട്ടാനുണ്ട്. ഗോവയിലെ കരാറുകാരനും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ ബാബ് ബശീര്‍ എന്ന പാറ ബശീര്‍ പറഞ്ഞത് അനുസരിച്ച് രണ്ടരലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ എടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട അശ്‌റഫ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. മറ്റുപ്രതികള്‍ക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ പള്ളിയില്‍ നിസ്കരിക്കാന്‍ പോകുമ്ബോള്‍ ബേര്‍ക്കയില്‍ വഴി തടഞ്ഞ് കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കരാറുകാര്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായി വിദ്യാനഗര്‍ സിഐ പറഞ്ഞു.