വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം; കിണറ്റില്‍ കണ്ട മൃതദേഹം കൊലക്കേസ് പ്രതിയുടേത്

TalkToday

Calicut

Last updated on Feb 28, 2023

Posted on Feb 28, 2023

കോഴിക്കോട് : കോഴിക്കോട് കിണറ്റില്‍ കണ്ടെത്തിയ അ‍ജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. ഇയ്യാട് സ്വദേശിയായ 22 കാരന്‍ അല്‍ അമീന്റെ മൃതദേഹമായിരുന്നു കിണറ്റില്‍ കണ്ടെത്തിയത്.

വീട്ടിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കിണര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് നരിക്കുനിക്ക് സമീപം പന്നിക്കോട്ടൂര്‍ വീട്ടില്‍ മുഹമ്മദിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വധശ്രമക്കേസിലെ പ്രതിയാണ് മരിച്ച അല്‍ അമീന്‍. ഞായറാഴ്ച ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പന്നിക്കോട്ടൂര്‍ എത്തിയതായിരുന്നു. അവിടെയുള്ള സുഹൃത്തിന്‍റെ വീട്ടിലായിരുന്നു അല്‍ അമീന്‍ എത്തിയത്. പോലീസ് വരുന്നത് അറിഞ്ഞ് ഓടിയതാകാം എന്ന് സംശയം. ആള്‍മറ ഇല്ലാത്ത കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കിണറ്റില്‍ കണ്ടതോടെ വീട്ടുകാ‍ര്‍ കൊടുവള്ളി പോലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഇരു സംഘവും സ്ഥലത്തെത്തി. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പോലീസ് വ്യക്തമാക്കി.


Share on

Tags