ഇരിട്ടി: വേനല്‍ കനത്തതോടെ ബാരാപോള്‍ പുഴ വറ്റിവരണ്ടു മലയോരത്തെ പ്രധാന വൈദ്യുതി ഉല്‍പാദന കേന്ദ്രമായ ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനം നിര്‍ത്തി.
വൈദ്യുതിവകുപ്പിന്റെ ചെറുകിട ജലവൈദ്യുതി പദ്ധതികളില്‍ ബാരാപോള്‍ മിനി ജലവൈദ്യുതി പദ്ധതി മികച്ച നേട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
ഒരുവര്‍ഷം കൊണ്ട് കൈവരിക്കേണ്ട ഉല്‍പാദന ലക്ഷ്യം കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മറികടന്നാണ് ബാരാപോള്‍ കെ.എസ്.ഇ.ബിയുടെ മികച്ച ചെറുകിട ജലവൈദ്യുതി പദ്ധതിയെന്ന സ്ഥാനത്തേക്ക് ഉയര്‍ന്നത്. വാര്‍ഷിക ഉല്‍പാദന ലക്ഷ്യമായ 36 ദശലക്ഷം യൂനിറ്റ് നാലുമാസം കൊണ്ടാണ് പിന്നിട്ടത്.
ബാരാപോള്‍ പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ പദ്ധതിയില്‍ നിന്നുള്ള ഉല്‍പാദനം നിര്‍ത്തി. ഇക്കുറി 43.27 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ബാരാപോളില്‍നിന്ന് ഉല്‍പാദിപ്പിച്ചത്. ഇത് വാര്‍ഷിക ഉത്പാദന ലക്ഷ്യത്തേക്കാള്‍ 7.27 ദശലക്ഷം യൂനിറ്റ് അധികമാണ്. ജൂണ്‍ മുതല്‍ മേയ് വരെയുള്ള 12 മാസ കാലയളവാണ് വൈദ്യുതി ഉല്‍പാദനത്തിലെ ഒരുവര്‍ഷമായി കണക്കാക്കുന്നത്.
ഈ കാലയളവില്‍ ലക്ഷ്യമിട്ട ഉല്‍പാദനമാണ് 36 ദശലക്ഷം യൂനിറ്റ്. പുഴയിലെ നീരൊഴുക്കിന്റെ ശക്തി കുറയുന്നതിനനുസരിച്ച് മൂന്ന് ജനറേറ്ററുകള്‍ ഒരെണ്ണമായി കുറച്ച് മണിക്കൂറുകള്‍ ഇടവിട്ട് ഉല്‍പാദിപ്പിച്ചാണ് 36 മെഗാവാട്ടായി പ്രതിവര്‍ഷ ഉല്‍പാദനം കണക്കാക്കിയിരുന്നത്.
കര്‍ണാടകയിലെ ബ്രഹ്മഗിരി മലനിരകളില്‍നിന്ന് ഒഴുകിവരുന്ന ബാരാപോള്‍ പുഴയിലെ ജലം മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലിലൂടെ ബാരാപോള്‍ പവര്‍ഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇക്കുറി തുലാവര്‍ഷം ചതിച്ചതാണ് 50 ദശലക്ഷം യൂനിറ്റ് എന്ന ലക്ഷ്യത്തിന് തടസ്സമായത്.
ഡിസംബര്‍ വരെ മൂന്ന് ജനറേറ്ററും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് പുഴയിലെ നീരൊഴുക്ക് ക്രമാതീതമായി കുറയുകയായിരുന്നു. രണ്ടാഴ്ച മുമ്ബ് വരെ ഒരു ജനറേറ്റര്‍ മണിക്കൂറുകള്‍ ഇടവിട്ട് പ്രവര്‍ത്തിപ്പിച്ചിരുന്നു. 2016 ഫെബ്രുവരി 29നാണ് ബാരാപോളില്‍നിന്ന് ഉല്‍പാദനം തുടങ്ങിയത്.
തുടര്‍ന്ന് മൂന്ന് വര്‍ഷങ്ങളിലും കാര്യമായ ഉല്‍പാദനമൊന്നും ഉണ്ടായില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പദ്ധതിയുടെ കനാലില്‍ ഉണ്ടായ ചോര്‍ച്ചയും ജനറേറ്റര്‍ തകരാറുമെല്ലാം പദ്ധതിയെ പൂര്‍ണ നഷ്ടത്തിലാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചതിന് പിന്നാലെയാണ് മികച്ച ഉല്‍പാദനത്തിലേക്ക് കടന്നത്. നാല് മെഗാവാട്ട് സൗരോര്‍ജ പദ്ധതിയില്‍നിന്നുള്ള വൈദ്യുതിയും ഇപ്പോള്‍ ബാരാപോളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നുണ്ട്.