2030 ലെ ആകാശക്കാാഴ്ച ഭീകരമാവും; 'ചവറുപോലെ' ഉപഗ്രഹ വിക്ഷേപണം നല്ലതിനല്ലെന്ന് വിദഗ്ദര്‍

Last updated on Jan 30, 2023

Posted on Jan 30, 2023

ഭൂമിയ്ക്ക് ചുറ്റും കുന്നുകൂടുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. രാത്രികാല ആകാശത്ത് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നക്ഷത്രങ്ങളെ നിരീക്ഷിക്കാനാകാത്ത വിധം ഇവ തടസം സൃഷ്ടിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.

8000 ഓളം കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നുണ്ടെന്നാണ് വിവരം. 2019 ന് ശേഷം നാല് മടങ്ങ് വര്‍ധനവാണ് ഇവയുടെ എണ്ണത്തിലുണ്ടായത്. വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വ്യവസായ രംഗം വികസിക്കുന്നതിനൊപ്പം ഉപഗ്രഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ആഗോളതലത്തില്‍ ഇതിനകം നാല് ലക്ഷം ഉപഗ്രഹങ്ങള്‍ക്ക് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളെ കൊണ്ട് നേട്ടങ്ങള്‍ പലതാണെങ്കിലും അത് മൂലമുണ്ടായേക്കാവുന്ന ഭീകരവാസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദര്‍.

'2030 ല്‍ നിങ്ങള്‍ എവിടെയങ്കിലും ഇരുട്ട് കണ്ടുവെന്നിരിക്കട്ടെ, അപ്പോള്‍ ആകാശത്തേക്ക് നോക്കിയാല്‍ കാണുന്ന കാഴ്ച അതിഭീകരമാവും. ആകാശത്താകമാനം ഒഴുകി നീങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങള്‍ കാണാം. രാത്രിയില്‍ പോലും ആകാശത്ത് നക്ഷത്രങ്ങളുടെ കാഴ്ച കുറവായിരിക്കും. അത് വലിയൊരു പ്രശ്‌നമാണ്.' കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഭൗതികശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റേയും പ്രൊഫസറായ ടോണ്‍ ടൈസണ്‍ പറയുന്നു.

ഈസാഹചര്യം കണക്കിലെടുത്ത് ഉപഗ്രഹ വിക്ഷേപണത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യം ഇതിനകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

അന്യഗ്രഹങ്ങളിലെ ജീവ സാധ്യതയെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളെയും കൃത്രിമ ഉപഗ്രഹങ്ങള്‍ പെരുകുന്നത് ബാധിക്കുമെന്ന് റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് മാസി പറഞ്ഞു.

മറ്റ് ഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന് ഇത് തടസം സൃഷ്ടിക്കും. പ്രകാശ മലിനീകരണത്തെ പോലെ ഈ പ്രശ്‌നവും അവഗണിക്കാന്‍ സാധിക്കില്ല. ഇത് ഒരു സാംസ്‌കാരിക പ്രശ്‌നം കൂടിയാണെന്നും പ്രകൃതിക്കുണ്ടാക്കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള തലത്തില്‍ ഇതിനകം സ്‌പേസ്എക്‌സ്, വണ്‍വെബ് ഉള്‍പ്പടെ വിവിധ കമ്പനികള്‍ വന്‍തോതില്‍ വിവര വിനിമയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ചെറുതെങ്കിലും പതിനായിരക്കണക്കിന് ഉപഗ്രങ്ങളാണ് ഈ രീതിയില്‍ വിക്ഷേപിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി വിക്ഷേപിക്കുന്ന വലിയ ഉപഗ്രഹങ്ങളും ഈ വിക്ഷേപണങ്ങളുടെയെല്ലാം ഭാഗമായുണ്ടാകുന്ന അവശിഷ്ടങ്ങളും വേറെയുണ്ട്.

ഇപ്പോള്‍ തന്നെ നഗ്ന നേത്രങ്ങള്‍ കൊണ്ട കാണാനാവും വിധമാണ് ഈ ഉപഗ്രങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്നത്. രാത്രികാല ആകാശത്ത് നാം കണുന്ന പലതും നക്ഷത്രങ്ങളല്ല ഇങ്ങനെയുള്ള ഉപഗ്രഹങ്ങളാണ്.

Share on

Tags