വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്, ഫോണെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി- മന്ത്രി

TalkToday

Calicut

Last updated on Jan 26, 2023

Posted on Jan 26, 2023

കോഴിക്കോട്: ധോണിയിലെ കാട്ടാന പി.ടി.7-ന്റ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയുടെ പ്രതികരിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹായം തേടി ആരു വിളിച്ചാലും ഫോണ്‍ എടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ആനയായാലും കടുവയായാലും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാതിരിക്കുക എന്നാണ് പ്രധാനം. പ്രകോപിപ്പിച്ചാല്‍ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കും. അത്തരം ശ്രമങ്ങളില്‍നിന്ന് എല്ലാ കര്‍ഷകരും പിന്‍വാങ്ങണമെന്നാണ് പറയാനുള്ളത്. പി.ടി.7 ഇപ്പോഴും ഡോക്ടര്‍മാരുടെ കര്‍ശനമായ നിരീക്ഷണത്തിലാണ്. എല്ലാവിധ പരിചരണങ്ങളും ആനയ്ക്ക് നല്‍കുന്നുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്, ആരു വിളിച്ചാലും ഫോണ്‍ എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. റേഞ്ച് ഓഫീസര്‍മാര്‍ മാത്രമല്ല, മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംഎല്‍എമാരും ജനപ്രതിനിധികളും വിളിക്കുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ല എന്നുള്ള പരാതി വ്യാപകമായിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ശനിര്‍ദേശം കൊടുത്തിട്ടുണ്ട്. ഒരാഴ്ച ഇക്കാര്യം പരിശോധിക്കും. എന്നിട്ടും ഇക്കാര്യത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ എന്തുവേണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന 'ധോണി' (പാലക്കാട് ടസ്‌കര്‍-7)യുടെ ശരീരത്തില്‍ നിന്ന് 15 ഓളം പെല്ലെറ്റുകള്‍ കണ്ടെത്തിയിരുന്നു. വനംവകുപ്പ് നടത്തിയ ശരീര പരിശോധനയിലാണ് പെല്ലെറ്റുകള്‍ കണ്ടെത്തിയത്. സ്ഥിരമായ ജനവാസ മേഖലയില്‍ ഇറങ്ങുന്ന ആനയെ തുരത്തുന്നതിന് നാടന്‍ തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്തതാകാം പെല്ലെറ്റുകള്‍ വരാന്‍ കാരണമെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ പെല്ലെറ്റുകള്‍ ശരീരത്തില്‍ തറച്ചത് ആന കൂടുതല്‍ അക്രമാസക്തനാകാന്‍ കാരണമായിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്ന് വനംമന്ത്രി നിര്‍ദേശിച്ചത്.


Share on

Tags