ഗര്‍ഭിണിയായ ഭാര്യയുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി; മരിച്ചെന്ന് തെറ്റിദ്ധരിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

TalkToday

Calicut

Last updated on Dec 27, 2022

Posted on Dec 27, 2022

അടിമാലി:  ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി എന്ന് സംശയത്തില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തു. വാളറ കുളമാം കുഴി ആദിവാസി കോളനിയിലെ കർണൻ (26) ആണ് തൂങ്ങി മരിച്ചത്.  അടിമാലി ഒഴുവത്തടത്താണ് സംഭവം. മദ്യ ലഹരിയിൽ വീട്ടിലെത്തിയ കർണൻ, വാക്ക് തര്‍ക്കത്തിനിടെ തന്‍റെ കൈയിലിരുന്ന തോർത്ത് മുണ്ട് ഭാര്യ സിനിയുടെ കഴുത്തിൽ മുറുക്കി. പെട്ടെന്ന് ശ്വാസം കിട്ടാതായ സിനി ബോധരഹിതയായി തളര്‍ന്ന് വീണു.

സിനി തളര്‍ന്ന് വീണതോടെ ഭയന്ന് പോയ കര്‍ണന്‍, സിനി മരിച്ചതായി തെറ്റിദ്ധരിച്ചു. തുടര്‍ന്ന് ഇയാള്‍ വനത്തിലേക്ക് ഓടിപ്പോയി. ഇതിനിടെ വീട്ടിലെത്തിയ സിനിയുടെ ബന്ധുക്കള്‍ സിനിയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കര്‍ണ്ണന് വേണ്ടി നടത്തിയ അന്വേഷണത്തിനിടെയാണ് ഇയാള്‍ വനത്തിനുള്ളിലെ കൂറ്റന്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടത്. ബന്ധുക്കളെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 9 മാസം ഗർഭിണിയാണ് സിനി. ഇവരുടെ ആദ്യത്തെ കുട്ടിയാണ് ഗര്‍ഭാവസ്ഥയിലുള്ളത്.

കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യപിച്ചെത്തുന്ന കര്‍ണ്ണന്‍ ഭാര്യ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളും പൊലീസും പറയുന്നു. നിർവധി തവണ ഇയാളെ ആക്രമണങ്ങളിൽ നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കര്‍ണ്ണന്‍റെ ഉപദ്രവങ്ങളെ കുറിച്ച് സിനി പുറത്ത് പറയാറില്ലായിരുന്നു. എന്നാല്‍, സ്ഥിരമായി വീട്ടില്‍ നിന്നും ബഹളം കേട്ട് ചെല്ലുന്ന ബന്ധുക്കളും അയല്‍വാസികളും ഇയാളെ പലപ്പോഴും ഉപദേശിച്ചിരുന്നെങ്കിലും ഇയാള്‍ മദ്യപാനം ഉപേക്ഷിക്കുകയോ വീട്ടില്‍ ബഹളം വയ്ക്കുന്നത് നിര്‍ത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അടിമാലി പൊലീസ് വീട്ടിലെത്തി മേൽ നടപടികള്‍ സ്വീകരിച്ചു.


Share on

Tags