ലിറ്ററിന് കൂട്ടിയത് ഒരു പൈസ മാത്രം; പക്ഷേ ഫലത്തിൽ വൻ വർധന; സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഇരുട്ടടിയാകുന്നു

TalkToday

Calicut

Last updated on Jan 14, 2023

Posted on Jan 14, 2023

സംസ്ഥാനത്ത് വെള്ളക്കരം കുത്തനെ കൂട്ടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് വൻഇരുട്ടടി. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയതെങ്കിലും ഫലത്തിൽ വൻവർധനവാണിത്. ശരാശരി 20000 ലിറ്റർ വെള്ളം ഉപയോഗിക്കുന്ന കുടുംബം ഇനിമുതൽ നിലവിലുള്ളതിൻറെ ഇരട്ടിയിലേറെ വില നൽകേണ്ടി വരും. അടുത്ത ഏപ്രിലോടെയാകും നിരക്ക് പ്രാബല്യത്തിലാവുക.

അധികഭാരമില്ലെന്നും പോസിറ്റീവായി കാണണമെന്നുമാണ് വെള്ളക്കര വർധനവിൽ മന്ത്രി റോഷി അഗസ്റ്റിൻറെ പക്ഷം, എന്നാൽ ഈ പൈസക്കണക്ക് രൂപയിൽ പറഞ്ഞാൽ പൊതുജനങ്ങുടെ നെഞ്ചിടിപ്പ് കൂടും. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുക പത്ത് രൂപ. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇത് അൻപത് രൂപ വർധിച്ച് 72.05 രൂപയാകും, 10000 ലിറ്റർ ഉപഭോഗത്തിന് ഇപ്പോൾ നൽകേണ്ടത് 44.10 രൂപയാണ്. ഇത് നൂറ് രൂപ കൂടി 144.10 രൂപയാകും.

15000 ലിറ്ററിനാകട്ടെ 71.65 പൈസയായിരുന്നു പഴയനിരക്ക്, ഇത് ഇരട്ടിയിലേറെ വർധിക്കും. ഇനി 15000ലിറ്ററിന് നൽകേണ്ടി വരിക 221.65 രൂപയാണ്. 20000 ലിറ്ററിന് 332.40യാണ് ഇനി വാട്ടർബില്ലിൽ ഈടാക്കുക, 132.40രൂപയാണ് നിലവിലെ നിരക്ക്. ഇതുൾപ്പടെ ഗാർഹികേതര, വ്യവസായ ഉപഭോഗത്തിനും നിരക്ക് വർധനയുണ്ടാകും.

വെള്ളക്കരം വർധനവ്
അളവ് – ഇപ്പോൾ – ഏപ്രിൽ മുതൽ
-5000 ലിറ്റർ – 22.05 രൂപ- 72.05 രൂപ
-10000 ലിറ്റർ – 44.10 രൂപ – 144.10 രൂപ
-15000 ലിറ്റർ – 71.65 രൂപ- 221.65 രൂപ
-20000 ലിറ്റർ -132.40രൂപ – 332.40രൂപ

പൈസക്കണക്ക് രൂപയിലേക്കെടുക്കുമ്പോൾ മനസിലാകുന്നുണ്ട് കണക്കിലെ കള്ളക്കളി. സാധാരണ ഒരുകുടുംബം വെള്ളത്തിനായി നിലവിലുള്ളതിൻറെ ഇരട്ടിയിലേറെ തുകയാണ് സർക്കാരിന് ഇനി നൽകേണ്ടിവരിക.ചുരുക്കത്തിൽ- നേരിയ വർധനവല്ല, പൊതുജനത്തിന് മേൽ വലിയ ഭാരമെടുത്ത് വെക്കുന്നതാണ് സർക്കാർ നടപടി.


Share on

Tags