ന്യൂഡല്‍ഹി: കാമുകിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ സംഭവത്തില്‍ മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം പോലീസ് കണ്ടെടുത്തു.പ്രതി അഫ്താബ് അമീന്‍ പൂനവല്ലയുടെ മെഹ്‌റോളിയിലെ ഫ്ലാറ്റില്‍ നിന്നാണ് ആയുധം കണ്ടെടുത്തത്.
ഗുരുഗ്രാമിലെ ഇയാളുടെ ജോലി സ്ഥലത്തുനിന്ന് കട്ടിയുള്ള വലിയ പ്ലാസ്റ്റിക് കവറും പോലീസ് കണ്ടെടുത്തിരുന്നു. പങ്കാളിയായ ശ്രദ്ധയെ(26) കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി, പ്രത്യേകം ഫ്രിഡ്ജ് വാങ്ങി സൂക്ഷിച്ചശേഷം പല ദിവസങ്ങളായാണ് പ്രതി ഉപേക്ഷിച്ചത്.
മൃതദേഹം കഷണങ്ങളാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതി ഇന്‍റര്‍നെറ്റില്‍ നോക്കി മനസിലാക്കിയിരുന്നെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ മേയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മകളെ കാണാനില്ലെന്ന യുവതിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നത്.
മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് അഫ്താബും ശ്രദ്ധയും തമ്മില്‍ പരിചയപ്പെടുന്നത്. വീട്ടുകാര്‍ ഇവരുടെ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഇവര്‍ ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.