ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി ടീമിന്റെ “നൻപകൽ നേരത്ത് മയക്കം” എന്ന ചിത്രം കണ്ട അനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമയാണിതെന്നും എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞിരിക്കുന്നതെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു. തമിഴ്നാടിന്റെ ഗ്രാമഭംഗി മുഴുവൻ ലിജോ ഈ സിനിമയിലൂടെ ഒപ്പിയെടുത്തിരിക്കുകയാണ്. മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു എന്നതാണ് മറ്റൊരു പ്രത്യേകതയ.
ജെയിംസിന്റെ വിചിത്രമായ പെരുമാറ്റവും, തന്മൂലം ചുറ്റുമുള്ളവർക്ക് ഉണ്ടാവുന്ന അസ്വസ്ഥതയും വളരെ വൈകാരികമായി ഒപ്പിയെടുത്തിരിക്കുകയാണ് ഈ സിനിമയിലൂടെ. നൻപകൽ നേരത്ത് മയക്കത്തിന്റെ സെറ്റിൽ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടിയുടെ സുഹൃത്തായ ജോർജാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇതേ ക്ഷേത്രത്തിന് പുറത്ത് വിശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ജോർജ് പങ്കുവെച്ചിരിക്കുന്നത്.
സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“നൻപകൽ നേരത്ത് മയക്കം” കണ്ടു. ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ. എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്. പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു.
മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു. ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ! ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം. സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ കുറിച്ചു.