വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് പോലീസ് പിടിയില്‍

Last updated on Nov 21, 2022

Posted on Nov 21, 2022

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍.

കാരോട് സ്വദേശി ലിജിന്‍ (24) ആണ് പോലീസ് പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി നേരത്തെ പരിചയപ്പെട്ട 17 കാരിയെ ലിജിന്‍ സ്വന്തം വീട്ടില്‍ എത്തിച്ച്‌ പീഡിപ്പിച്ച ശേഷം മടക്കി പാറശാല ബസ് സ്റ്റാന്‍ഡില്‍ എത്തിക്കാന്‍ പോകുന്ന വഴി, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ലിജിന്‍ ബസ് സ്റ്റാന്‍ഡില്‍ വിട്ട ശേഷം തിരികെ പോയെങ്കിലും പെണ്‍കുട്ടി യുവാവിന്‍റെ വീടിന് പരിസരത്തേക്ക് തിരിച്ചെത്തി.

ഇവിടെയെത്തിയ പെണ്‍കുട്ടി സമീപവാസികളോട് ലിജിന്‍റെ വീട് അന്വേഷിച്ചു. അപരിചിതയായ പെണ്‍കുട്ടി യുവാവിന്‍റെ വീടന്വേഷിക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പെണ്‍കുട്ടിയോട് വിവരം അന്വേഷിച്ചപ്പോള്‍ കുട്ടി തൃപ്തികരമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇതോടെ നാട്ടുകാര്‍ ജനപ്രതിനിധിയെ വിളിച്ച്‌ വരുത്തുകയും പെണ്‍കുട്ടിയെ പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് പെണ്‍കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ലിജിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കൊണ്ട് ഉച്ചക്കട ജംക്‌ഷനിലേക്ക് വിളിച്ച വരുത്തി പോലീസ് ഇയാളെ തന്ത്രപൂര്‍വം പിടികുടൂകയായിരുന്നു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.


Share on

Tags