ഡല്‍ഹി: പണമീടാക്കുന്ന എല്ലാത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വൈകാതെ ഇത് സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. വൈദഗ്ധ്യമുപയോഗിച്ച് കളിക്കുന്നതും, ഭാഗ്യം പരീക്ഷിക്കുന്നതുമായ രണ്ട് തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കം. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ നിയമത്തില്‍ സ്കില്‍ ഗെയിമുകള്‍ക്ക് മാത്രമാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും നിയമന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചതായാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
സ്കില്‍ ഗെയിമുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന് രജിസ്ട്രേഷനും പരാതി പരിഹാര സെല്ലും അടക്കം ഏര്‍പ്പെടുത്തി നിയന്ത്രിക്കാനായിരുന്നു സമിതിയുടെ ശുപാര്‍ശ. ഭാഗ്യപരീക്ഷണ ഗെയിമുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് നിലവില്‍ അധികാരം. നിരവധി ഭാഗ്യപരീക്ഷണ ഗെയിമുകള്‍ ഇതിനോടകം സംസ്ഥാനങ്ങളില് നിരോധിച്ചിട്ടുണ്ട്. യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നതും പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവങ്ങളും കണക്കിലെടുത്താണ് ഇപ്പോഴത്തെ നിയന്ത്രണ നീക്കം.