ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍

TalkToday

Calicut

Last updated on Jan 6, 2023

Posted on Jan 6, 2023

ദില്ലി: ജഡ്ജിമാരുടെ നിയമനം സമയബന്ധിതമായി നടപ്പാക്കുമെന്ന് സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

എന്നാല്‍, ജഡ്ജിമാരുടെ നിയമനത്തിനുള്ള ശിപാര്‍ശകള്‍ അനിശ്ചിതമായി സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുന്നതില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ തീരുമാനം വൈകുന്നത് പുറത്ത് നിന്നുള്ള ഇടപെടലാണെന്ന സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി. കൊളീജിയം നല്‍കുന്ന ശിപാര്‍ശകളില്‍ സര്‍ക്കാരിന് പരിമിത പങ്ക് മാത്രമേ വഹിക്കാനുള്ളൂ. ശിപാര്‍ശകള്‍ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത് തെറ്റായ സന്ദേശം നല്‍കും. അത് കൊളീജിയത്തിന് സ്വീകാര്യവുമല്ലെന്നും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി.

വിവിധ ഹൈക്കോടതികളിലേക്ക് കൊളീജിയം ശിപാര്‍ശ ചെയ്ത 104 ജഡ്ജിമാരുടെ പേരുകളാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് മുന്നിലുള്ളത്. ഇതില്‍ 44 പേരുകളില്‍ ഉടന്‍ തീരുമാനം എടുക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ എസ്. വെങ്കിട്ടരമണി ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ താന്‍ വ്യക്തിപരമായി ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.


Share on

Tags