ഭാരത് ജോഡോ യാത്ര അവസാനിച്ചു; നാളെ സമാപന സമ്മേളനം

TalkToday

Calicut

Last updated on Jan 29, 2023

Posted on Jan 29, 2023

ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാൽചൗക്കിൽ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടു.

ശ്രീനഗറിലെ പന്ത ചൗക്ക് മുതൽ ലാൽ ചൗക്ക് വരെയായിരുന്നു അവസാന ദിവസത്തെ പദയാത്ര. സിആർപിഎഫിനും ജമ്മുകശ്മീർ പൊലീസിനും പുറമേ ബിഎസ്എഫ് സുരക്ഷയുടെ കോട്ട മതിൽ പണിഞ്ഞു. വാഹനങ്ങൾക്കും ജനങ്ങൾക്കും സമ്പൂർണ്ണ നിയന്ത്രണം. ഇങ്ങനെയൊക്കെയായിട്ടും ആയിരങ്ങൾ ഭാരത് യാത്രയ്ക്ക് ഐക്യദാർഢ്യം അറിയിച്ച ശ്രീനഗറി നിരത്തുകളിലേക്ക് എത്തി.

രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പത്തുമണിയോടെ ഇന്നത്തെ പദയാത്ര ആരംഭിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ള എല്ലാ പ്രമുഖ കോൺഗ്രസ് നേതാക്കളും യാത്രയുടെ ഭാഗമായി. കേരളത്തിൽ നിന്നുള്ള നൂറുകണക്കിന് പേരാണ് ഇന്നും യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ യാത്രയുടെ മുൻ നിരയിൽ കേരള സംഘം മുദ്രാവാക്യം വിളിച്ചു നീങ്ങി. പദയാത്ര ലാൽ ചൗക്കിൽ എത്തിയതോടെ രാഹുൽഗാന്ധി ദേശീയ പതാക ഉയർത്തി.

നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ കോൺഗ്രസിന്റെയും എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളും പങ്കെടുക്കും.


Share on

Tags