64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം

Jotsna Rajan

Calicut

Last updated on Dec 2, 2022

Posted on Dec 2, 2022

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം. ഡിസംബര്‍ മൂന്ന് മുതല്‍ ആറുവരെ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള നടക്കുക.

86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും ഉള്‍പ്പെടെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ കാറ്റഗറികളിലായി 2737 മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫിഷ്യല്‍സും മേളയില്‍ പങ്കെടുക്കുന്നു.

സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റിക്കാര്‍ഡുകളും www.sports.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ലഭ്യമാകും.

നാലുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന് ആതിഥ്യം വഹിക്കുന്നത്.

Share on

Tags