തലശേരി: തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ വച്ച് സിപിഎം പ്രാദേശിക നേതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്നെന്ന കേസില്‍ കസ്റ്റഡിയിലായ മൂന്ന് പേരുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തുമെന്ന് തലശേരി ടൗണ്‍ പൊലീസ് അറിയിച്ചു.
തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബാബു എന്നയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയതായും തലശേരി എസിപി നിഥിന്‍രാജ് അറിയിച്ചു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കുറ്റാരോപിതര്‍ മയക്കുമരുന്ന് ഉള്‍പെടെയുളള ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് ആശുപത്രിയില്‍ നിന്നും വിളിച്ചിറക്കി ബുധനാഴ്ച വൈകുന്നേരമുണ്ടായ കൊലപാതകത്തില്‍ കലാശിച്ചത്. ആശുപത്രിയുടെ പുറത്തെ റോഡരികില്‍ നിന്നും തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ നെട്ടൂര്‍ പൂവനാഴിവീട്ടില്‍ ശെമീര്‍ എന്നിവരാണ് കത്തികൊണ്ടുള്ള കുത്തേറ്റു കൊല്ലപ്പെട്ടത്.
സാരമായി പരുക്കേറ്റ ഇവരുടെ സുഹൃത്ത് നെട്ടൂര്‍ സാറാസ് വീട്ടില്‍ ശാനിബിനെ(20) തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇല്ലിക്കുന്ന് ഭാഗത്ത് ലഹരിവില്‍പന ചോദ്യം ചെയ്ത ഷമീറിന്റെ മകന്‍ ശബീലിനെ (20) കുറ്റാരോപിതര്‍ തലശേരി നെട്ടൂര്‍ ചിറക്കക്കാവിനടുത്തുവെച്ച് തടഞ്ഞുവെച്ചു മര്‍ദിച്ചിരുന്നു. പരുക്കേറ്റ ശബീലിനെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചതിറഞ്ഞ് കേസ് ഒഴിവാക്കാന്‍ അനുരഞ്ജനത്തിനായി എത്തിയ പ്രതികള്‍ ഖാലിദും ശമീറുമായും വാക്കേറ്റം നടത്തുകയും കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിക്കുകയുമായിരുന്നു. നെഞ്ചിനും ദേഹമാസകലവും കുത്തേറ്റ ഖാലിദ് മണിക്കൂറുകള്‍ക്കുളളിലും ശമീര്‍ കോഴിക്കോട് ബേബി മെമൊറിയല്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്.