പത്ത് മാസത്തെ ആസൂത്രണം; ഷാരോണിനെ ഒഴിവാക്കാൻ ജാതി പ്രശ്‌നം മുതൽ ജാതകപ്രശ്‌നം വരെ പയറ്റി നോക്കി; ഒടുവിൽ കൊലപാതകം; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്

TalkToday

Calicut

Last updated on Jan 7, 2023

Posted on Jan 7, 2023

പാറശാല ഷാരോൺ വധക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിൻറേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച്  തിരഞ്ഞെടുത്തതെന്ന് കുറ്റപത്രം പറയുന്നു. ഷാരോണിൻറെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും തുല്യപങ്കെന്നും കുറ്റപത്രത്തിലുണ്ട്..

സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാൻ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. ജാതി പ്രശ്‌നം മുതൽ ജാതക പ്രശ്‌നം വരെ ഗ്രീഷ്മ പയറ്റിനോക്കി. എന്നാൽ, ഷാരോൺ പിന്മാറില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗ്രീഷ്മ കൊലപാതകത്തിന് തന്ത്രങ്ങളാവിഷ്‌കരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ വകവരുത്തിയത്. വിവിധ മാർഗങ്ങളിലൂടെ അഞ്ച് വട്ടം വധശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം പരാജയപ്പെട്ടതോടെ ഗൂഗിളിൽ സെർച്ച് ചെയ്താണ് കഷായത്തിൽ വിഷം കലർത്താനുളള തീരുമാനത്തിലേക്ക് ഗ്രീഷ്മയെത്തിയത്.

വിഷം ഉള്ളിൽ ചെന്നാൽ ആന്തരികാവയവങ്ങൾക്ക് എന്ത് സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയിരുന്നതായി കുറ്റപത്രത്തിലുണ്ട്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയിലാണ് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്താൻ തീരുമാനിച്ചതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ നേരിട്ട് പങ്കില്ല. പക്ഷേ, കൊലപാതകം നടക്കുമെന്നത് ഉൾപ്പെടെ ഇവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും ഗ്രീഷ്മക്കെന്ന പോലെ തുല്യപങ്കുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മയുടെയും ഷാരോണിൻറെയും ഫോണുകളിലെ ചാറ്റുകളും ഇരുവരുമൊന്നിച്ചുളള ദൃശ്യങ്ങളുമുൾപ്പെടെ ആയിരത്തിലേറ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്.


Share on

Tags