കോഴിക്കോട് : പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ നിശ്ചയ ദാര്‍ഢ്യത്തോടെയും മനോധൈര്യത്തോടെയും പൊരുതിക്കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാരായ പ്രതിഭകള്‍ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന പാഠപുസ്തകമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
നമ്മള്‍ ബേപ്പൂരും റഹിമാന്‍ ബസാര്‍ ഫുട്ബോള്‍ അസോസിയേഷനും (റഫ) ഏഞ്ചല്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ഉയരെ പ്രതിഭാസംഗമവും കലാവിരുന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ചു ജീവിതത്തില്‍ മുന്നേറുന്ന പ്രതിഭകളെ വേദിയില്‍ ആദരിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നവരെയും ഉപഹാരം നല്‍കി ആദരിച്ചു. മുല്ലവീട്ടില്‍ മൊയ്‌ദീന്‍ കോയ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യാതിഥിയായിരുന്നു. ഏഞ്ചല്‍സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് പ്രസിഡന്റ് പി.ടി റഹ്മത്ത് നസീര്‍ സ്വാഗതവും റഫ ജനറല്‍ കണ്‍വീനര്‍ ആദം മാലിക് നന്ദിയും പറഞ്ഞു.