വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ പൊരിഞ്ഞ പോരാട്ടം; 30 കമ്പനികള്‍ രംഗത്ത്- റിപ്പോര്‍ട്ട്

Jotsna Rajan

Calicut

Last updated on Jan 17, 2023

Posted on Jan 17, 2023

മുംബൈ: വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാനുള്ള ഫ്രാഞ്ചൈസി താരലേലത്തില്‍ വരാനിരിക്കുന്നത് വമ്പന്‍ പോരാട്ടം. ജനുവരി 25ന് നടക്കുന്ന ലേലത്തിനായി 30 കമ്പനികളാണ് ഇതിനകം ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 10 ഐപിഎല്‍ ടീമുകളും ഇതില്‍ ഉള്‍പ്പെടും. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


വനിതാ ഐപിഎല്‍ സംപ്രേഷണ അവകാശം വലിയ തുകയ്‌ക്കാണ് വിറ്റുപോയത്. റിലയന്‍സ് ഇന്‍ഡ്സ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18 അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വനിതാ ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2023-27 കാലയളവില്‍ നടക്കുന്ന വനിതാ ഐപിഎല്ലിലെ ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക. ഡിസ്നി+ ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്കാസ്റ്റര്‍മാരാണ് വയാകോമിന് ഒപ്പം സംപ്രേഷണവകാശം സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നത്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ബിസിസിഐ സംപ്രേഷണവകാശം ലേലം ചെയ്യുന്നത്. ഇതുവരെ പുരുഷ ഐപിഎല്ലിന്‍റെ ഇടവേളകളില്‍ നടത്തിയിരുന്ന വനിതാ ടി20 ചലഞ്ച് മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.

Share on

Tags