സംസ്ഥാന സ്കൂള്‍ കലോത്സവം; കോഴിക്കോട് ജേതാക്കള്‍; കണ്ണൂരും പാലക്കാടും ഒപ്പത്തിനൊപ്പം

Jotsna Rajan

Calicut

Last updated on Jan 7, 2023

Posted on Jan 7, 2023

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ജേതാക്കളായി കോഴിക്കോട് ജില്ല. 945 പോയിന്റുമായാണ് ആതിഥേയര്‍ സ്വര്‍ണക്കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയത് കണ്ണൂരാണ്. 925 പോയിന്റോടെയാണ് നേട്ടം. മൂന്നാം സ്ഥാനം പാലക്കാടിനും ലഭിച്ചും, 916 പോയിന്റ്. രണ്ടാം സ്ഥാനത്തിനായി അവസാന നിമിഷം വരെ വാശിയേറിയ പോരാട്ടമായിരുന്നു.

തൃശൂര്‍ (907), എറണാകുളം (871), മലപ്പുറം (870), കൊല്ലം (847), തിരുവനന്തപുരം (819), ആലപ്പുഴ (809), കാസര്‍ഗോഡ് (804), കോട്ടയം (792), വയനാട് (737), പത്തനംതിട്ട (711), ഇടുക്കി (671) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.

സ്കൂള്‍ വിഭാഗത്തില്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആലത്തൂരിനാണ് (പാലക്കാട്) ഒന്നാം സ്ഥാനം. 156 പോയിന്റാണ് സ്കൂള്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം കാര്‍മല്‍ ഇ എം ഗേള്‍സ് എച്ച്എസ്എസ് വഴുതക്കാടിനാണ് (തിരുവനന്തപുരം), 142 പോയിന്റ്. മൂന്നാമതെത്തിയത് ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാടാണ് (കാസര്‍ഗോഡ്), 114 പോയിന്റ്.

ജനുവരി മൂന്നാം തീയതിയാണ് കലോത്സവത്തിന് കോഴിക്കോട് തുടക്കമായത്. കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപുലമായ രീതിയില്‍ കലോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മേള ഉദ്ഘാടനം ചെയ്തത്. 24 വേദികളിലായി 239 ഇനങ്ങളാണ് നടന്നത്. 14,000 മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്.


Share on

Tags