സംസ്ഥാന കേരളോത്സവം ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂരില്‍

TalkToday

Calicut

Last updated on Dec 15, 2022

Posted on Dec 15, 2022

കണ്ണൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ 18ന് വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ടൂറിസം, പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്ര നടക്കും.ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച്‌ പോലീസ് മൈതാനിയില്‍ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കലാപരിപാടികള്‍, ഫുട്‌ബോള്‍ ടോക്ക്, ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയതായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ എന്നിവര്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ നഗരത്തില്‍ പോലീസ് മൈതാനി, മുനിസിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

59 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് 3500ല്‍ പരം മത്സരാര്‍ഥികള്‍ എത്തിച്ചേരും. രജിസ്‌ട്രേഷന്‍ 18ന് ഉച്ച രണ്ടിന് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അന്ന് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും.

ഏറ്റവും മികച്ച ജില്ലയ്ക്ക് എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നല്‍കും. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 10,000 രൂപയുടെ പുരസ്‌കാരം നല്‍കും. കേരളോത്സവത്തിന്റെ കവറേജ്, ഫോട്ടോഗ്രഫി, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.


Share on

Tags