എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങും

TalkToday

Calicut

Last updated on Mar 8, 2023

Posted on Mar 8, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് വ്യാഴാഴ്ച തുടക്കമാകും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്‌.എസ്.ഇ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും.

രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച്‌ 29ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണുള്ളത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ 1,40,703 പേരും എയ്ഡഡ് സ്കൂളുകളില്‍ 2,51,567 പേരുമാണ് പരീക്ഷയെഴുതുന്നത്. 27,092 പേര്‍ അണ്‍എയ്ഡഡ് സ്കൂളുകളിലും പരീക്ഷക്കിരിക്കും.

2,960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗള്‍ഫ് മേഖലയില്‍ 518 പേരും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ നടക്കും.

മൂല്യനിര്‍ണയ ക്യാമ്ബുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചുമുതല്‍ പരീക്ഷ ഭവനില്‍ ആരംഭിക്കും. മേയ് രണ്ടാം വാരത്തില്‍ ഫലം പ്രഖ്യാപിക്കും.

4,25,361 വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. മാര്‍ച്ച്‌ 30നാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക. 80 ക്യാമ്ബുകളിലായി ഏപ്രില്‍ മൂന്നുമുതല്‍ മേയ് ആദ്യവാരംവരെ മൂല്യനിര്‍ണയം നടക്കും.

389 കേന്ദ്രങ്ങളിലായി നടക്കുന്ന ഒന്നാം വര്‍ഷ വി.എച്ച്‌.എസ്.ഇ പരീക്ഷക്ക് 28820 പേരും രണ്ടാം വര്‍ഷത്തിന് 30740 പേരും ഹാജരാകും.

ഏപ്രില്‍ മൂന്നുമുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച്‌ 13ന് ആരംഭിക്കും. ഉച്ചക്കുശേഷം 1.30 മുതലാണ് പരീക്ഷ.


Share on

Tags