സ്റ്റേഷനില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം; ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

TalkToday

Calicut

Last updated on Mar 14, 2023

Posted on Mar 14, 2023

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് തീയിട്ട കാപ്പ കേസിലെ പ്രതി ചാണ്ടി ഷമീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ സഹോദരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ചാണ്ടി ഷമീം പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങള്‍ക്ക് തീയിട്ടത്. വിവിധ കേസുകളില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്കാണ് തീയിട്ടത്. ഷമീമിന്‍റെ വാഹനവും ഇതിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പര്‍ദ ധരിച്ചാണ് ഷമീം എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷമീമിനായി രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സംഘത്തെ വിവിധ സ്ക്വാഡുകളായി തിരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഷമീമിന്‍റെ സ്ഥലം പുഴാതിയിലാണെന്ന വിവരം പൊലീസിന് ലഭിച്ചത്. രാവിലെ ഇയാളെ അവിടെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.

പുഴാതിയിലെ പഴയ ഇരുനില കെട്ടിടത്തിന് മുകളിലാണ് ഷമീമിനെ കണ്ടെത്തിയത്. സ്ക്വാഡ് കൂടുതല്‍ പൊലീസ് സംഘത്തെ ആവശ്യപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറി. ഷമീമിനോട് താഴേക്ക് വരാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഷമീം വിസമ്മതിച്ചതോടെ പൊലീസ് മുകളിലേക്ക് കയറി ബലം പ്രയോഗിച്ച്‌ പിടികൂടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


Share on

Tags