കൊവിഡ് വ്യാപനം; ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി

Jotsna Rajan

Calicut

Last updated on Dec 24, 2022

Posted on Dec 24, 2022

ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കോവിഡ് പരിശോധന നടത്തണമെന്നും പോസിറ്റിവായാല്‍ ക്വാറന്റെ നില്‍ പോവണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.
വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിസൈറ്റര്‍ ഉപയോഗിക്കുക എന്നതില്‍ അലംഭാവം വരുത്തരുത്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക, വിവാഹം, രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍, അന്താരാഷ്ട്ര യാത്രകള്‍ എന്നിവ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തൊണ്ട വേദന, പനിയുടെ ലക്ഷണങ്ങള്‍, വയറിളക്കം, കഫക്കെട്ട്, ഛര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഡോക്ടറെ സമീപിക്കണമെന്നും എല്ലാവരും മുന്‍കരുതല്‍ ഡോസ് ഉള്‍പ്പടെയുള്ള കോവിഡ് വാക്സിനേഷന്‍ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

യുഎസ്എ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കോവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ നാലുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.

Share on

Tags