അറബിയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാന്‍ ചില സിനിമകളുടെ ശ്രമം; സര്‍ക്കാര്‍ നഖക്ഷികാന്തം എതിര്‍ക്കുമെന്ന് മന്ത്രി റിയാസ്

TalkToday

Calicut

Last updated on Jan 5, 2023

Posted on Jan 5, 2023

കോഴിക്കോട്: അറബി ഭാഷയെ തീവ്രവാദ ഭാഷയായി ചിത്രീകരിക്കാന്‍ ചില സിനിമകള്‍ ശ്രമിക്കുന്നതായും അത്തരം നീക്കങ്ങളെ നഖക്ഷികാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഭാഷാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക ഭാഷയിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം നടക്കുന്നു. എല്ലാ ഭാഷകളേയും ഒരു പോലെ ബഹുമാനിക്കാനും പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമുള്ള അവസരം സൃഷ്ടിക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നാനാത്വത്തില്‍ ഏകത്വവും മതേതരത്വവും സംരക്ഷിക്കും. ഇന്ത്യയിലെ എല്ലാ ഭാഷയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ നിറവേറ്റും.

അറബി ഭാഷയെയും നാനാത്വത്തില്‍ ഏകത്വത്തേയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസംരക്ഷിക്കുന്ന സര്‍ക്കാരാണിത്. അറബി ഭാഷ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചുവരുന്നു. അറബി ഭാഷയെ തീവ്രവാദത്തിന് വേണ്ടി, തീവ്രവാദത്തിന്റെ വക്താക്കള്‍ ഉപയോഗിക്കുന്ന ഭാഷയായി ചിത്രീകരിക്കാന്‍ ചില സിനിമകള്‍ ശ്രമിക്കുന്നുണ്ട്.

അത്തരം തെറ്റായ പ്രവണതകളെ നഖക്ഷികാന്തം എതിര്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അറബി ഭാഷയ്ക്ക് മറ്റെല്ലാ ഭാഷകള്‍ക്കും കൊടുക്കുന്നതു പോലുള്ള പ്രാധാന്യം കൊടുത്ത് അതിനെ സംരക്ഷിക്കാന്‍ പ്രത്യേകം ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെമിനാര്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ആശയ സംവാദനത്തിനുള്ള ഭാഷ വിവാദങ്ങള്‍ക്കുള്ളതല്ലെന്നും എല്ലാ ഭാഷകള്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളില്‍ അല്ലെന്നം അദ്ദഹം പറഞ്ഞു. മുന്‍ എം.എല്‍.എയും അറബി ഭാഷാ സാഹിത്യോത്സവം ചെയര്‍മാനുമായ വി.കെ.സി മമ്മദ് കോയ അധ്യക്ഷത വഹിച്ചു.


Share on

Tags