സൗദിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം; 10 ലക്ഷം രൂപ പിഴ

Last updated on Nov 28, 2022

Posted on Nov 28, 2022

റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നത് ശിക്ഷാര്‍ഹം.

50,000 റിയാല്‍ (10 ലക്ഷം രൂപ) പിഴയോ ആറുമാസത്തെ തടവുശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അഭിഭാഷക മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള സഹായ അപേക്ഷകള്‍ ഇലക്‌ട്രോണിക് ഭിക്ഷാടനത്തിന് കീഴില്‍ വരുന്നതാണെന്ന് അഭിഭാഷക സാറ അല്‍ ഹര്‍ബി സൗദി ടെലിവിഷനോട് വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള സഹായ അഭ്യര്‍ത്ഥനകള്‍ സൗദിയില്‍ നിയമവിരുദ്ധമാണെന്നും ഭിക്ഷാടനമായി ഇവ കണക്കാക്കുമെന്നും അവര്‍ പറഞ്ഞു. യാചകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ആറു മാസം തടവുശിക്ഷയോ 50,000 റിയാല്‍ പിഴയോ ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നത് വിദേശികളാണെങ്കില്‍ അവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയും തിരികെ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.


Share on

Tags