സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം -2022 പരിപാടിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്തിലെ മൂഴിക്കൽ ഐ.എച്ച്.ഡി. പി. കോളനിയുടെ 50 ലക്ഷം രൂപയുടെ പ്രവൃത്തി ഉൽഘാടനം കെ പി കുഞ്ഞമത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു.

32 വീടുകളുടെ പുനരുദ്ധാരണം, കമ്മ്യൂണിറ്റി ഹാൾ വൈദ്യുതീകരണം എന്നീ പ്രവർത്തികളാണ് ഈ പദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. 50 ലക്ഷം രൂപയുടെ അനുമതിയാണ് ഈ പ്രവർത്തിക്കായി സർക്കാർ നൽകിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ നിർമ്മിതി കേന്ദ്രത്തെയാണ് പ്രവർത്തി ഏൽപ്പിച്ചിട്ടുള്ളത്.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികജാതി വികസന ഓഫീസർ ടി. സജീവൻ സ്വാഗതം പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ ദിന സന്ദേശം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി റീന അവതരിപ്പിച്ചു.
മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ് മാസ്റ്റർ ,ജില്ലാ നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,കോളനിയിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.