പൊതുവിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമാക്കി കുറ്റ്യാടി നിയമസഭ നിയോജക മണ്ഡലത്തിൽ ബഹുജന ഇടപെടലുകൾ സാധ്യമാക്കാൻ രൂപീകരിച്ച വിദ്യാഭ്യാസ കൂട്ടായ്മയാണ് സ്മാർട്ട് കുറ്റ്യാടി. സ്മാർട്ട് കുറ്റ്യാടിയുടെ നേതൃത്വത്തിൽ ശാസ്ത്ര പഠനം രസകരമാക്കാം എന്ന ആശയത്തെ മുൻനിർത്തി മണ്ഡലത്തിലെ മുഴുവൻ യു.പി സ്കൂളുകളിലും 5 ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രവണ്ടി പര്യടനം നടത്തുകയാണ്.
യു.പി ക്ലാസുകളിലെ ശാസ്ത്ര പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ പര്യാപ്തമായ നിരവധി പരീക്ഷണങ്ങളും പരിപാടികളും ഓരോ വിദ്യാലയത്തിലും എത്തിച്ചേർന്ന് നേരിട്ട് കുട്ടികൾക്ക് അനുഭവഭേദ്യമാക്കുകയാണ്. നവംബർ 21 ന് ആരംഭിക്കുന്ന ശാസ്ത്രവണ്ടി പര്യടനം 25ന് സമാപിക്കും. യു.പി ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകത്തിലെ ഉള്ളടക്കത്തെ മുൻനിർത്തി തയ്യാറാക്കിയ 2 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു പഠന പരിപാടിയാണിത്.
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച് അതിൻ്റെ പിറകിലെ ശാസ്ത്ര തത്വങ്ങൾ ലളിതമായി വിശദീകരിക്കുന്ന പരിപാടി കുട്ടികളിൽ ശാസ്ത്ര പഠനം പ്രോത്സാഹിപ്പിക്കുവാൻ അനുയോജ്യമാകും. ശാസ്ത്ര വണ്ടിയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 21 ന് രാവിലെ 9 30ന് തിരുവള്ളൂർ ജി.എം.യു.പി സ്കൂളിൽ ശ്രീ. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ സംബന്ധിക്കും.