സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7500 രൂപ സ്റ്റൈപെന്‍ഡ്; പുതിയ നീക്കവുമായി തമിഴ്‌നാട്

TalkToday

Calicut

Last updated on Mar 23, 2023

Posted on Mar 23, 2023

ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ കുറവ് പരിഹരിക്കാന്‍ പുതിയ നയവുമായി തമിഴ്‌നാട് സര്‍ക്കാര്‍.

സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത തുക സ്റ്റൈപെന്‍ഡ് ആയി നല്‍കാനാണ് തീരുമാനം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനവും നല്‍കും. തമിഴ്‌നാട് സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (TNSDC) അണ്ണാ സ്റ്റാഫ് അഡ്മിനിസ്ട്രേറ്റീവ് കോളേജുമായി ഏകോപിപ്പിച്ച്‌ സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനവും പഠന സാമഗ്രികളും ലഭ്യമാക്കുന്നതിനും പദ്ധതി നടപ്പിലാക്കും. എല്ലാ വര്‍ഷവും സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കുന്ന 1000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസം 7500 രൂപ സ്റ്റൈപെന്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. 10 മാസമാണ് ഇതിന്റെ ദൈര്‍ഘ്യം.

ഇതില്‍ സിവില്‍ സര്‍വ്വീസ് പ്രിലിംസ് പരീക്ഷ പാസാകുന്നവര്‍ക്ക് 25000 രൂപ വീതം നല്‍കുകയും ചെയ്യും. പദ്ധതി നടത്തിപ്പിനായി പത്ത് കോടി രൂപ ടിഎഎന്‍എസ്ഡിസിയ്ക്ക് അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറയുന്നതായാണ് കാണുന്നത്. ഈ സ്ഥിതി മറികടക്കാനാണ് പുതിയ പദ്ധതി.

2021ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതിയ 685 പേരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം വെറും 27 ആണ്. 2014ല്‍ സംസ്ഥാനത്ത് നിന്ന് 119 വിദ്യാര്‍ഥികള്‍ യുപിഎസ്‌സി പരീക്ഷയ്ക്ക് യോഗ്യത നേടിയിരുന്നു. അതിനുശേഷം യോഗ്യത നേടുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവുണ്ടായെന്നും അക്കാദമിക് വിദഗ്ധര്‍ പറയുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ പദ്ധതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വലിയ സഹായമാകുമെന്നാണ് അക്കാദമിക് വിദഗ്ധര്‍ കരുതുന്നത്.

ഈ വര്‍ഷം ഉന്നതവിദ്യാഭ്യാസ വകുപ്പിന് 6,967 കോടി രൂപയാണ് ബജറ്റ് വിഹിതമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1,300 കോടി രൂപ കൂടുതലാണ് ഇത്തവണ ലഭിച്ച ബജറ്റ് വിഹിതം. സിവില്‍ സര്‍വീസ് പരീക്ഷക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. മെയിന്‍ പരീക്ഷയ്‌ക്കുള്ള അപേക്ഷ സമര്‍പ്പണമാകുമ്ബോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

മെഡിക്കല്‍ ബിരുദക്കാര്‍ക്ക്, അവര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂവിന് ഹാജരാക്കിയാല്‍ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതില്‍ മികവു പുലര്‍ത്തിയാലേ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കൂ. തുടര്‍ന്നുള്ള ഇന്റര്‍വ്യൂവില്‍ കൂടി വിജയിച്ചാലാണ്, അന്തിമ പട്ടികയിലിടം പിടിക്കുക.


Share on

Tags